തൊടുപുഴ : കടബാധ്യത കാരണം കുടുംബത്തോടെ വിഷം കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയും മരിച്ചു. മണക്കാട് ചിറ്റൂര്‍ പുല്ലറയ്ക്കല്‍ സില്‍ന(21)യാണ് ഇന്നലെ രാവിലെ മരിച്ചത്. സില്‍ന, പിതാവ് ആന്റണി (62), അമ്മ ജെസി (56) എന്നിവരെ കഴിഞ്ഞ 30 നാണു വീട്ടില്‍ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു ജെസിയും കഴിഞ്ഞ ഒന്നിന് ആന്റണിയും മരിച്ചു.
തൊടുപുഴ നഗരത്തില്‍ ഗാന്ധി സ്‌ക്വയറിനു സമീപം ബേക്കറിയും കൂള്‍ബാറും നടത്തുകയായിരുന്നു ആന്റണി. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇവര്‍ പലരില്‍ നിന്നായി കടം വാങ്ങിയിരുന്നതായാണു വിവരമെന്നു പൊലീസ് പറഞ്ഞു. ചിലരുടെ സ്വര്‍ണം വാങ്ങി പണയം വച്ചതായും പറയുന്നു. പണം കിട്ടാനുള്ളവര്‍ കടയില്‍ അന്വേഷിച്ചെങ്കിലും കാണാത്തതിനാല്‍ വീട്ടിലെത്തിയപ്പോഴാണു മൂവരെയും അവശനിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
സംഭവദിവസം ആന്റണിയുടെ മൂത്ത മകന്‍ സിബിന്‍ മംഗളൂരുവില്‍ ജോലിസ്ഥലത്തായിരുന്നു. സില്‍നയുടെ സംസ്‌കാരം നടത്തി. അതേസമയം, സംഭവത്തില്‍ ശരിയായ അന്വേഷണം ഇതുവരെ ഉണ്ടായില്ല. ആന്റണി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മറ്റും കടം വാങ്ങിയിരുന്നതായി പറയുന്നുണ്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. മൂവരെയും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അബോധാവസ്ഥയിലായിരുന്നു.
ഇവരുടെ മരണമൊഴി എടുക്കാന്‍ മജിസ്‌ട്രേട്ട് എത്തിയെങ്കിലും ഇതിനു കഴിഞ്ഞില്ല. അതിനാല്‍ യഥാര്‍ഥ കാരണം എന്താണെന്നു വ്യക്തമായി പൊലീസിന് അറിവു ലഭിച്ചിട്ടില്ല. ഇതിനിടെ, കടം കൊടുത്തവര്‍ ഇവരെ ഭീഷണിപ്പെടുത്തിയോയെന്നു വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ജീവനൊടുക്കാനുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്ന കത്തോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. അന്വേഷണം തുടരുകയാണെന്നും 10 ലക്ഷം രൂപ കടം ഉള്ളതായാണു വിവരമെന്നും പൊലീസ് പറഞ്ഞു