വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ബൈജൂസിന്റെ ഓഫീസുകളിലും കമ്പനി സി.ഇ.ഒ ബൈജു രവീന്ദ്രന്റെ വീട്ടിലും ഇ.ഡി റെയ്ഡ്. റെയ്ഡിൽ വിദേശ ധന സഹായം ലഭിച്ചെന്ന പരാതിയിലാണ് ശനിയാഴ്ചയോടെ ബെംഗളൂരുവിലെ ബൈജൂസിന്റെ മൂന്നോളം കേന്ദ്രങ്ങളിൽ ഫെമ നിയമ പ്രകാരം ഇ.ഡി. പരിശോധന നടത്തിയത്.
പരിശോധനക്കിടെ 2011 മുതൽ കമ്പനി സ്വീകരിച്ച വിദേശ നിക്ഷേപങ്ങളുടെ കണക്കും ഇ.ഡി പുറത്ത് വിട്ടിട്ടുണ്ട്. 2023 വരെ 28000 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിച്ച ബൈജൂസ് 2020-21 കാലത്തെ സാമ്പത്തിക ഓഡിറ്റിങ് നടത്തിയിട്ടില്ലെന്നും ഇ.ഡി അറിയിച്ചു. സാമ്പത്തിക ഇടപാടുകൾ നടത്തിയ ബാങ്ക് അക്കൗണ്ടുകളുടെ വിശദമായ പരിശോധന നടത്തുമെന്നും ഇ.ഡി പ്രസ്താവനയിൽ പറഞ്ഞു.
‘2011 മുതൽ 2023 വരെ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ബൈജൂസ് നടത്തിയിട്ടുള്ളത്. ഇതേ കാലയളവിൽ 9754 കോടി രൂപ വിവിധ വിദേശ രാജ്യങ്ങളിൽ കമ്പനി നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.
944 കോടി രൂപയാണ് പരസ്യത്തിന് മാത്രമായി ബൈജൂസ് മുടക്കിയിട്ടുള്ളത്. 2020-21 കാലയളവിലെ ഫിനാൻഷ്യൽ റിപ്പോർട്ടുകൾ ബൈജൂസ് തയ്യാറാക്കിയിട്ടുമില്ല. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ബാങ്ക് റിപ്പോർട്ടുകളെ കുറിച്ച് വിശദമായ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്,’ എന്നാണ് ഇ.ഡി.യുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വെളിപ്പെടുത്തൽ.
സ്വകാര്യ വ്യക്തികളിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ബൈജൂസിനെതിരെ അന്വേഷണം നടത്തിയതെന്നും പരാതിയിൽ നേരിട്ട് ഹാജരാകാൻ ബൈജു രവീന്ദ്രന് സമൻസുകൾ അയച്ചിരുന്നെങ്കിലും അദ്ദേഹമത് അവഗണിക്കുകയായിരുന്നെന്നും ഇ.ഡി. വ്യക്തമാക്കി.
അതേസമയം ഫെമ നിയമത്തിന് കീഴിലുള്ള സ്വാഭാവിക നടപടി മാത്രമാണ് കമ്പനിയിൽ നടന്നതെന്നും. തങ്ങളുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാണെന്നും ഇ.ഡി ആവശ്യപ്പെട്ട രേഖകളെല്ലാം തന്നെ ഹാജരാക്കിയിട്ടുണ്ടെന്നും ബൈജൂസ് പ്രസ്താവനയിൽ പറഞ്ഞു.