വാഹനമെത്താന്‍ വൈകി

0
325

അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ തുണി മഞ്ചലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു

പാലക്കാട് .അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ തുണി മഞ്ചലില്‍ ചുമന്ന്് ആശുപത്രിയിലെത്തിച്ചു കൃത്യമായ റോഡ് സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സിന് സ്ഥലത്തേക്ക് എത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് അര്‍ധരാത്രിയില്‍ പ്രസവവേദന അനുഭവപ്പെട്ട സുമതി മുരുകന്‍ എന്ന യുവതിയെ ബന്ധുക്കള്‍ ചേര്‍ന്ന് മൂന്നരക്കിലോ മീറ്ററോളം ദൂരം ചുമന്നത്. കടുകമണ്ണ ഊരിലാണ് സംഭവമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ യുവതി പ്രസവിച്ചു.

കടുകമണ്ണ ഊരിലെ നിവസികള്‍ക്ക് പുറംലോകത്തേക്ക് എത്താന്‍ ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെയും അതിന് ശേഷം മൂന്നര കിലോമീറ്റര്‍ കാട്ടിലൂടെയും സഞ്ചരിക്കണം.
രാത്രി ആനയിറങ്ങുന്ന സ്ഥലമാണിത്. രാത്രി പന്ത്രണ്ട് മണിയോടെ പ്രസവ വേദന ആരംഭിച്ച ഉടനെ ആംബുലന്‍സിനായി യുവതിയുടെ ബന്ധുക്കള്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ആനയിറങ്ങുന്നതിനാലും റോഡ് മോശമായതിനാലും ആംബുലന്‍സോ സ്വകാര്യ വാഹനങ്ങളോ എത്തിയില്ല. രണ്ടരക്കാണ് കോട്ടത്തറയില്‍ നിന്നും ആംബുലന്‍സ് എത്തിയത്. റോഡ് മോശമായതിനാല്‍ ആനവായ് എന്ന സ്ഥലം വരെയാണ് ആംബുലന്‍സിന് എത്താന്‍ കഴിഞ്ഞുള്ളൂ. അതിനാല്‍ ആനവായ വരെയുളള ദൂരം യുവതിയെ ബന്ധുക്കള്‍ ചേര്‍ന്ന് തുണിയില്‍ കെട്ടി ചുമന്ന് എത്തിക്കുകയായിരുന്നു. മൂന്നര കിലോമീറ്റര്‍ ചുമന്നെത്തിച്ചതിന് ശേഷം യുവതിയെ ആംബുലന്‍സില്‍ കയറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചത്.
സമയത്ത് വാഹനം കിട്ടാത്തതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയായ ഭാര്യയെ തുണി മഞ്ചലില്‍ കൊണ്ടു പോയതെന്ന്
സുമതിയുടെ ഭര്‍ത്താവ് മുരുകന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here