Friday, December 27, 2024

Top 5 This Week

Related Posts

വന്യജീവി ആക്രമണം:അതിർത്തി സംസ്ഥാനങ്ങളുമായുള്ള ചർച്ചയിലൂടെ സംയുക്ത കർമ്മ പദ്ധതി പരിഗണനയിൽ – മന്ത്രി എ.കെ ശശീന്ദ്രൻ

  • മഞ്ഞക്കൊന്ന പിഴുതുമാറ്റാൻ ഉടൻ നടപടി തുടങ്ങും
  • വയനാടിനായുള്ള സമഗ്ര മാസ്റ്റർ പ്ലാൻ കരട് ഈ മാസാവസാനത്തോടെ

വയനാട് ജില്ലയിൽ ജനജീവിതം ദുസ്സഹമാക്കി വന്യജീവി ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വന്യജീവികളുടെ പെരുപ്പം പരിശോധിക്കുന്നതിനും പ്രതിരോധ മാർഗങ്ങൾ ഫലപ്രദമാക്കുന്നതിനും അതിർത്തി സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് സംയുക്ത കർമ്മ പദ്ധതി ആവിഷ്‌ക്കരിക്കുന്നത് പരിഗണനയിലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. തുടർച്ചയായ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനും സ്ഥിതിഗിതകൾ വിലയിരുത്തുന്നതിനുമായി കളക്ടറേറ്റ് മിനി കോൺഫ്രൻസ് ഹാളിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്നതാണ് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങളുമെന്നതിനാൽ മൃഗങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക പതിവാണ്. 12,000 ച. കിലോമീറ്റർ വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതങ്ങളിലെ കടുവ, ആന ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശാസ്ത്രീയമായ കണക്കെടുപ്പും ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനുള്ള മാർഗങ്ങളും സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനത്തോടു കൂടിയേ സാധ്യമാകുകയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് സർവ്വകക്ഷി യോഗത്തിൽ ഉയർന്ന അഭിപ്രായം കൂടി പരിഗണിച്ച് ഇക്കാര്യത്തിൽ നടപടി കൈക്കൊള്ളുന്നത് പരിഗണനയിലാണെന്ന് മന്ത്രി പ്രഖ്യാപിച്ചത്.

വന്യജീവികൾക്ക് കാട്ടിനകത്ത് സുഭിക്ഷമായ ഭക്ഷണം ലഭിക്കുന്നതിന് ഭീഷണിയായ മഞ്ഞക്കൊന്ന പിഴുതെറിയുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇവ ശാസ്ത്രീയമായി പിഴുതു മാറ്റുന്ന പ്രക്രിയ നാലഞ്ചു വർഷം എടുക്കുന്നതാണ്. രണ്ടാഴ്ചയ്ക്കകം ഇതിനുളള നടപടികൾ തുടങ്ങും. സംസ്ഥാന തലത്തിൽ 46 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെ തേക്ക്, യൂക്കാലി തുടങ്ങിയ ഏകവിള തോട്ടങ്ങൾക്കു പകരം സ്വാഭാവിക വനങ്ങൾ വെച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു.

മാസ്റ്റർ പ്ലാൻ 31 നകം

ജില്ലയിലെ മനുഷ്യ- വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തരമായും ദീർഘകാലാടിസ്ഥാനത്തിലും നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച മാസ്റ്റർ പ്ലാനിന്റെ കരട് ഈ മാസാവസനത്തോടെ തയ്യാറാകും. രണ്ടു മാസം മുമ്പ് സുൽത്താൻ ബത്തേരിയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലെ തീരുമാനമായിരുന്നു ഇത്. കരട് പ്ലാൻ ജനപ്രതിനിധികളുമായും വിവധ കക്ഷികളുമായും ചർച്ച ചെയ്ത ശേഷം അന്തിമ റിപ്പോർട്ട് തയ്യാറാക്കും. ഹ്രസ്വ, ദീർഘകാലങ്ങളിൽ ഫലപ്രദമാകുന്ന രീതികളിലുളള പദ്ധതികളാണ് കരട് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും ചില നടപടികൾ അടിയന്തരമായി തന്നെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ആർ.ആർ.ടി സംവിധാനം ശക്തിപ്പെടുത്തും

വർദ്ധിച്ച് വരുന്ന വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി വനം വകുപ്പിന്റെ ആർ.ആർ.ടി സംവിധാനം ശക്തിപ്പെടുത്തും. ദ്രുത കർമ്മ സേനയുടെ അംഗബലം വർദ്ധിപ്പിക്കുന്നന്നതിനുളള ഫയൽ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. അനുമതി ലഭ്യമായാൽ വയനാടിന് മുന്തിയ പരിഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. ആർ.ആർ.ടി സംഘത്തിൽ കൂടുതൽ സ്ഥിരം ജീവനക്കാരെ നിയമിക്കും. ഉദ്യോഗസ്ഥർക്ക് കൂടുതൽ ആയുധങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കും. വയനാടിൽ വകുപ്പിന് കീഴിൽ 175 പേർക്ക് കൂടി പുതുതായി നിയമനം നൽകിയതായി മന്ത്രി പറഞ്ഞു.

നഷ്ട പരിഹാരം വേഗത്തിൽ നൽകും

വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ടുളള കേസുകളിൽ നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. മാനന്തവാടി കുറുക്കൻ മൂലയിലുണ്ടായ വന്യജീവി ആക്രമണ ത്തിൽ വളർത്ത്മൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരമായി 21 ലക്ഷം രൂപ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുകകൾ കൈമാറിയത്. നഷ്ടപരിഹാര തുക ഉയർത്തണമെന്ന സർവ്വകക്ഷി യോഗത്തിന്റെ നിർദ്ദേശം അനുഭാവത്തോടെ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും മുമ്പാകെ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി പിടിക്കുന്ന കടുവകളെ നിലവിലെ പരിചരണ കേന്ദ്രത്തിൽ പരിപാലിക്കാൻ അസൗകര്യമുണ്ടെങ്കിൽ മെരുങ്ങിയ കടുവകളെ പറമ്പിക്കുളം, പെരിയാർ സങ്കേതങ്ങളിലേക്ക് മാറ്റുന്ന കാര്യം പരിശോധിക്കും. കുരങ്ങന്മാരുമായി ബന്ധപ്പെട്ട് വന്ധ്യംകരണം നടത്തുന്നതിന് കൽപ്പറ്റയിലുള്ള വെറ്ററിനറി ആശുപത്രി പ്രവർത്തന സജ്ജമാക്കും. വെറ്ററിനറി സർവകലാശാലയുമായി ആലോചിച്ച് ഇതിനായി പദ്ധതി തയ്യാറാക്കും.

യോഗത്തിൽ എം.എൽ.എ മാരായ ടി. സിദ്ധീഖ്, ഒ.ആർ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ എ. ഗീത, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ്, പി.സി.സി.എഫ് (പ്ലാനിംഗ് ) ഡി. ജയപ്രസാദ്, സി.സി.എഫ് (വൈൽഡ് ലൈഫ് ) പി. മുഹമ്മദ് ഷബാബ്, നോർത്തേൺ സർക്കിൾ സി.സി.എഫ് കെ.എസ്. ദീപ, നഗരസഭ അധ്യക്ഷൻമാരായ കേയംതൊടി മുജീബ്, ടി.കെ. രമേശ്, സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ ജസ്റ്റിൻ ബേബി, സി. അസൈനാർ, എ.ഡി.എം എൻ. ഐ. ഷാജു, വയനാട് വൈൽഡ് ലൈഫ് വാർഡൻ അബ്ദുൾ അസീസ്, ഡി.എഫ്.ഒ മാരായ മാർട്ടിൻ ലോവൽ, എ. ഷജ്ന, കെ. സുനിൽകുമാർ, ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അജേഷ് മോഹൻദാസ്, എ.സി.എഫ്മാരായ ജോസ് മാത്യൂ, ഹരിലാൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

ദ്രുതകർമ്മ സേനാംഗങ്ങൾക്ക് പാരിതോഷികം നൽകും

ജില്ലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്ക് വെടി വെച്ച് പിടികൂടിയ ദ്രുത കർമ്മ സേനാംഗങ്ങൾക്ക് പതിനായിരം രൂപയും പ്രശസ്തിപത്രവും നൽകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കടുവയെ പിടികൂടുന്നതിനുളള ദൗത്യത്തിൽ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുളള മുഴുവൻ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടറെയും കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ മന്ത്രി അനുമോദിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെയും ആർ.ആർ.ടി അംഗങ്ങളെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles