കണ്ണൂർ :ഇന്ത്യൻ റെയിൽവേയുടെ പേരിൽ വ്യാജ രേഖകൾ ചമച്ച് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കട്ടിയ പ്രതികൾ പിടിയിൽ. കണ്ണൂർ കോയ്യോട് സ്വദേശിയായ ശ്രീകുമാർ എന്നയാളോടും ശ്രീകുമാറിന്റെ ഭാര്യ സഹോദരൻ അരുൺ എന്നയാളോടും റെയിൽവേ കമേഷ്യൽ ക്ലർക്കിന്റെ ജോലി വാഗ്ദാനം ചെയ്ത് 36,20,000/- രൂപ വാങ്ങി ജോലി നൽകാതെ വഞ്ചിച്ചു. തലശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യപ്രതികളായ കൊല്ലം പുനലൂർ സ്വദേശി ശരത്ത് എസ്. ശിവൻ (33), കൂട്ടുപ്രതിയായ തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി ഗീത റാണി (67), ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട സമാനമായ കേസിലെ പ്രതി കൊല്ലം കൊട്ടിയം സ്വദേശിനി നിയ (28) എന്നിവരെയും തലശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജയേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. ശരത്തും നിയയും എറണാകുളം കടവന്ത്രയിലുള്ള ഒരു വീട്ടിലും ഗീതാ റാണി കൊല്ലം ഓച്ചിറയിലെ മറ്റൊരു വീട്ടിലും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പ്രതികളിൽ നിന്ന് വ്യാജരേഖ ചമക്കുന്നതിനായി ഉപയോഗിച്ച വ്യാജ സീലുകളും ലാപ്ടോപ്പ്, പ്രിന്റർ, സ്വർണ്ണ ആഭരണങ്ങൾ, പണം, ഒരു മഹീന്ദ്ര എക്സ്.യു.വി. കാർ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തലശ്ശേരി എ.എസ്.പി. ഷഹിൻഷാ IPS, തലശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു തോമസ് എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിച്ചത്. അന്വേഷണ സംഘത്തിൽ തലശ്ശേരി എ.എസ്.പി. യുടെ സ്ക്വാഡിലെ അംഗങ്ങളായ സി.പി.ഓ. മാരായ ഹിരൺ, ശ്രീലാൽ എന്നിവരും തലശ്ശേരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. കനകം, എസ്.സി. പി.. നിഹിൽ, സി.പി.ഒ. മാരായ ലിജീഷ്, ജിനേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കേസിൽ ഒന്നാംപ്രതിയായ ചൊക്ലി സ്വദേശി ശശി കെ. എന്നയാളെ ഒരു മാസം മുമ്പ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. കേരളത്തിൽ ഉടനീളം നിരവധി ചെറുപ്പക്കാരിൽ നിന്ന് പ്രതികൾ റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.