പ്രശ്‌നം ചർച്ച ചെയ്യാൻ കോൺഗ്രസ് അടിയന്തര യോഗം ചേരുന്നുണ്ട്
സൂറത്ത് കോടതി വിധിക്കുപിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയ ലോക്‌സഭ സെക്രട്ടേറിയറ്റ് നടപടിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നു. കോടതി വിധി പുറപ്പെടുവിച്ച മാർച്ച് 23 മുതൽ രാഹുൽ അയോഗ്യനാണെന്നാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ വയനാട് എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രവേശിക്കാനോ നടപടികളിൽ ഭാഗമാകാനോ പാടില്ലെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്ൾ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷൻ എട്ട് പ്രകാരവുമാണ് നടപടിയെന്നാണ് വി്ശദീകരണം.
ലോക്‌സഭ അംഗത്വം റദ്ദാക്കിയ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളാണ് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.
ക്രിമിനൽ പശ്ചാത്തലമുള്ള ബി.ജെ.പി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നു. പ്രതിപക്ഷ നേതാക്കൾ അവരുടെ പ്രസംഗത്തിന് അയോഗ്യരാക്കപ്പെടുന്നു. ജനാധിപത്യത്തിൻറെ അധഃപതനത്തിന് നാം സാക്ഷ്യം വഹിച്ചിരിക്കുന്നുവെന്നും മമത ബാനർജി പറഞ്ഞു.
രാഹുൽ ഗാന്ധിയെ ചെയ്ത പോലെ പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കാൻ ബി.ജെ.പി മാനനഷ്ടക്കേസ് ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
പ്രതിപക്ഷത്തിനുനേരെ ഇ.ഡിയെയും സി.ബി.ഐയെയും ദുരുപയോഗം ചെയ്യുന്നതുപോലെയാണ് ഈ നടപടിയും. ഇത്തരം സ്വേഛാധിപത്യ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.