ഡൽഹി മദ്യനയക്കേസിൽ നടക്കുന്ന് രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേസിൽ ചോദ്യം ചെയ്യലിന് ഞായറാഴ്ച ഹാജരാകാനാവശ്യപ്പെട്ട് സിബിഐ സമൻസ് അയച്ചതിനുപിന്നാലെയാണ് കെജ്രിവാളിന്റെ കടുത്ത പ്രതികരണം. എഎപിക്കു ലഭിച്ചതായി നിങ്ങൾ അവകാശപ്പെടുന്ന 100 കോടി രൂപയിൽ ഒരു രൂപ കാണിക്കൂയെന്ന് അന്വേഷണ എജൻസിയെ കെജ്രിവാൾ വെല്ലുവിളിച്ചു.
ജയിലിൽ കഴിയുന്ന എഎപി നേതാവ് മനീഷ് സിസോദിയയ്ക്കെതിരെ അന്വേഷണ ഏജൻസികൾ തെറ്റായ സത്യവാങ്മൂലമാണ് സമർപ്പിച്ചിരിക്കുന്നത്. സിസോദിയയ്ക്കെതിരെ സാക്ഷി പറയാൻ അവർ ആളുകളെ പീഡിപ്പിക്കുകയാണെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി. മനീഷ് സിസോദിയ 14 ഫോണുകൾ നശിപ്പിച്ചെന്ന് അന്വേഷണ ഏജൻസി പറയുന്നത് കളളമാണ്. ഈ 14 ഫോണുകളിൽ അഞ്ചെണ്ണം ഇഡിയുടെയും സിബിഐയുടെയും കൈവശമാണ്. ബാക്കിയുള്ളവ ലൈവാണ്.
ഇഡിയും സിബിഐയും കളളം പറഞ്ഞു കൊണ്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. സിസോദിയ ഫോൺ നശിപ്പച്ചെന്നത് കളളമാണ്. അറസ്റ്റിലായവർ പീഡിപ്പിക്കപ്പെടുന്നു. തെറ്റ് ചെയ്തതിന് ഒരു തെളിവും ഇല്ല. സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളെ രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി മോദി സർക്കാർ ഉപയോഗിക്കുകയാണ്. 75 വർഷത്തിനിടെ ആം ആദ്മി പാർട്ടിയെപ്പോലെ മറ്റൊരു പാർട്ടിയും ഇങ്ങനെ ലക്ഷ്യം വയ്ക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 1000 കോടി രൂപ നൽകിയെന്ന് തെളിവില്ലാതെ പറഞ്ഞാൽ നിങ്ങൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ എന്നും കെജ്രിവാൾ ചോദിച്ചു.