Wednesday, January 8, 2025

Top 5 This Week

Related Posts

ജീവരക്തം കൊണ്ട് ഭാരത ചരിത്രം രചിച്ച രാജീവ് ഗാന്ധി

താര ടോജോ അലക്സ്

എനിക്കൊരു സ്വപ്നമുണ്ട്.ഇന്ത്യ പ്രാചീനമായൊരു ദേശമാണ്; ഒരു യുവ രാഷ്ട്രവും. ഞാനൊരു യുവാവാണ്. എനിക്കും ഒരു സ്വപ്നമുണ്ട്. ലോകരാജ്യങ്ങളുടെ മുൻനിരയിൽ, മാനവ സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെ കുറിച്ചുള്ള സ്വപ്നം.”-

രാജീവ് ഗാന്ധി.31വർഷങ്ങൾക്കു മുൻപ്, 1991 മേയ് 21, രാത്രി 10.20… ആ സ്വപ്നം പൊലിഞ്ഞ നാൾ.ജീവരക്തം കൊണ്ട് ഭാരത ചരിത്രം രചിച്ച രാജീവ് ഗാന്ധി. ഓരോ ഇന്ത്യക്കാരുടെയും മനസ്സിൽ അഭിമാനത്തിന്‍റെ പ്രതീകമാണ് ആരെയും ആകർഷിക്കുന്ന വ്യക്തിത്വമായിരുന്ന രാജീവ് ഗാന്ധി. നാല്പതാമത്തെ വയസ്സിൽ പ്രധാനമന്ത്രി ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച രാജീവ് ഗാന്ധിയെ രാജ്യം ഇന്നും സ്നേഹാദരങ്ങളോടെ സ്മരിക്കുന്നു.ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായി 1944 ഓഗസ്റ്റ് 20-ന് ജനനം. ശിവനികേതൻ നഴ്സറി സ്കൂളിൽ തുടങ്ങി ഡെറാഡൂണിലുള്ള വെൽഹാം സ്കൂളിലും, ഡൂൺ സ്കൂളിലും ആയാണ് പ്രാഥമിക വിദ്യാഭ്യാസം. 1962 ൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുവാനായി ലണ്ടൻ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ട്രിനിറ്റി കോളേജിൽ ചേർന്നു. 1981 ഫെബ്രുവരിയിൽ രാജീവ് ഗാന്ധി ഉത്തർപ്രദേശിലെ അമേഥി യിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടുപിന്നാലെ തന്നെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു.ഇന്ദിരാഗാന്ധിയുടെ മരണശേഷം, 1984 ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിൽ എത്തിയത്. 491 ലോക്സഭാ സീറ്റുകളിൽ മത്സരിച്ചു കോൺഗ്രസിന് 404 സീറ്റുകൾ നേടാൻ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണ വ്യക്തിത്വം കൊണ്ട് കൂടിയായിരുന്നു.വിദ്യാഭ്യാസരംഗത്തും ശാസ്ത്ര സാങ്കേതിക വാർത്താവിനിമയ രംഗങ്ങളിലും ഇന്ത്യയിൽ ഇന്നു കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണവും ദിശാബോധവും ആയിരുന്നു.വിവര സാങ്കേതിക വിദ്യയായാലും, ഭക്ഷ്യ ലഭ്യതയായാലും, വാണിജ്യ- വ്യവസായങ്ങളായാലും മറ്റു ഇതര മേഘലകളായാലും, ലോക രാജ്യങ്ങൾക്ക് മുന്നിൽ നട്ടെല്ല് വളയാതെ ഇന്ത്യ എന്ന രാജ്യം തലയുയർത്തി നിൽക്കുന്നുവെങ്കിൽ അതിനു കാരണം രാജീവ് ഗാന്ധി എന്ന പ്രധാനമന്ത്രി കൂടിയാണ്.

ചെറിയ കാലയളവിനുള്ളിൽ സമസ്ത മേഖലകളിലും വിപ്ലവം തീർക്കുവാനും ഇന്ത്യയെ മുന്നിൽനിന്നു നയിക്കാനും രാജീവ് ഗാന്ധിക്ക് സാധിച്ചു. 21 വയസ്സായിരുന്നു വോട്ടവകാശം 18 ആക്കിയതും, അധികാര വികേന്ദ്രീകരണത്തിൻ്റെ പുതിയ വാതായനങ്ങൾ തുറന്ന് 73-ാം ഭരണഘടന ഭേദഗതിയിലൂടെ പഞ്ചായത്തീരാജ് നിയമമാക്കിയതും, കൂറുമാറ്റ നിരോധന നിയമവുമെല്ലാം രാജീവ് ഗാന്ധിയുടെ സംഭാവനകളാണ്. വിവര സാങ്കേതിക രംഗത്ത് ഇന്ത്യ നേടിയെടുത്ത നേട്ടങ്ങൾ രാജീവ് ഗാന്ധിയെടുത്ത ദീർഘ ദർശ്ശനമുള്ള നിലപാടുകൾ മൂലമായിരുന്നു. എഴുപത് കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഇരുപതു ലക്ഷം മാത്രം ടെലിഫോൺ ഉണ്ടായിരുന്ന കാലമായിരുന്നു എൺപതുകൾ. അവിടെ നിന്നാണ് സമൃദ്ധിയുള്ള അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വന്തമാക്കിയ ഒരു രാജ്യമായി ഇന്ത്യയെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് രാജീവ് ഗാന്ധി നയിച്ചത്.

ജനങ്ങൾക്ക് മികച്ച വിദ്യാഭ്യാസം, എല്ലാവര്ക്കും ശുദ്ധ ജലം, കുട്ടികൾക്ക് കൃത്യമായ പ്രതിരോധ കുത്തി വെപ്പ്, ക്ഷീരോത്പാദന കാർഷിക രംഗത്ത് കൃത്യമായ വളർച്ച, ശാസ്ത്ര സാങ്കേതിക, പ്രതിരോധ-വാർത്താവിനിമയ രംഗത്ത്, അതോടൊപ്പം ടെലികോം-ടെക്‌നോളജി-ഐ ടി മേഖലകൾ കൂടിയുള്ള വളർച്ചയിൽ ഉല്പാദന രംഗത്ത് കുതിച്ചുചാട്ടം അങ്ങിനെ എല്ലാ രംഗത്തും ജനാതിപത്യ രീതിയിലൂടെ കാര്യമായ മാറ്റങ്ങൾ, അതായിരുന്നു രാജീവ് ഗാന്ധിയുടെ കാലഘട്ടം. ഇന്ത്യയിൽ ആശയവിനിമയരംഗത്ത് ഒരു നവ ആശയമായിരുന്ന പബ്ലിക് കോൾ ഓഫീസുകൾ നടപ്പിലാക്കിയത് സാങ്കതികവിദ്യ സാധാരണജനങ്ങളിലേക്കെത്തികണം എന്നത് രാജീവ് ഗാന്ധിയുടെ ഇച്ഛാശക്തിയായിരുന്നു. അത് പോലെ തന്നെ അയൽ രാജ്യങ്ങളുമായി ഇന്ത്യയുടെ വിദേശനയം വളരെ സൗഹാർദ്ദപരമായിരുന്നു രാജീവ് ഗാന്ധിയുടെ കാലഘട്ടം. അതുകൊണ്ട് തന്നെയാണ് മാലിയിൽ വിമതരുടെ ആക്രമണം നടന്നപ്പോൾ പ്രസിഡന്റ് അബ്ദുൾ ഗയ്യൂം സഹായത്തിനായി അമേരിക്കയെ ആശ്രയിക്കാതെ ഇന്ത്യയുടെ അടുത്തു വന്നത്.

ഇന്ത്യ ഉണ്ടായത് ഒരു സുപ്രഭാതത്തിലല്ല, ദീർഘവീക്ഷണമുള്ള മുൻ പ്രധാനമന്ത്രിമാരുടെ ഇച്ഛാശക്തിയിലാണ് ഇന്ന് നാം കാണുന്ന, അനുഭവിക്കുന്ന ഇന്ത്യ ഉണ്ടായത്. ഇച്ഛാശക്തിയുള്ള ഇന്ത്യൻ ഭരണാധിപൻമാരുടെയും സൈന്യത്തിന്‍റെയും കരുത്ത് ലോകമറിഞ്ഞത് ഇങ്ങിനെയൊക്കെ ആയിരുന്നു എന്ന്, ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടതാണ്.ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് ആയിരുന്ന രാജീവ് ഗാന്ധി 1991 ലേ പൊതുതിരഞ്ഞെടുപ്പിൽ ശ്രീപെരുമ്പത്തൂർ വച്ച് എല്‍ടിടി തീവ്രവാദികളാൽ കൊല്ലപ്പെട്ടപ്പോൾ അനാഥമായത് ഒരു രാജ്യവും ജനതയും ആയിരുന്നു.ഇന്ത്യയെ സ്വപ്നം കണ്ട സമാരാധ്യനായ, ഇന്ത്യയ്ക്ക് തീരാ നഷ്ടമായി വിട പറഞ്ഞ ഇന്ത്യയുടെ പ്രിയങ്കരനായ രാജീവ് ഗാന്ധിയുടെ ഓർമ്മകൾക്ക് മുൻപിൽ ഇന്ത്യൻ ജനതയുടെ പ്രണാമം.

താര ടോജോ അലക്‌സ് കോണ്‍ഗ്രസ് പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles