മൂവാറ്റുപുഴ.:- കഴിഞ്ഞവർഷം മുളദിനത്തോട് അനുബന്ധിച്ച് മൂവാറ്റുപുഴയാറിന്റെ തീരത്ത് നട്ടുപിടിപ്പിച്ച മുളവനം സാമൂഹ്യദ്രോഹികൾ വെട്ടി നശിപ്പിച്ച നിലയിൽ. കഴിഞ്ഞ രണ്ടു വർഷങ്ങളായി നട്ടു പരിപാലിച്ചിരുന്ന നീർമരുത്, ആറ്റുവഞ്ചി തുടങ്ങിയ ജലത്തിൽ വളരുന്ന വിവിധയിനം മരങ്ങളും കഴിഞ്ഞ മാസങ്ങളിൽ നശിപ്പിച്ചിരുന്നു. പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ രൂപീകരിച്ച ത്രിവേണി സംഗമത്തിന്റെ നേതൃത്വത്തിലാണ് മുള വനവും നീർക്കാടുകളും നദീതീരത്ത് ഒരുക്കിയിരുന്നത്. നദിയിലെ മലിനീകരണം തടയലും മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കലും ലക്ഷ്യമിട്ട് നടപ്പാക്കിയതായിരുന്നു പദ്ധതി. രണ്ടാറ്റിങ്കര ചന്തക്കടവ് ഭാഗത്തും ത്രിവേണി സംഗമത്തിലെ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള ഭാഗങ്ങളിലും മരങ്ങൾ വെട്ടി നശിപ്പിച്ചിട്ടുണ്ട്. മുളങ്കാട് പൂർണ്ണമായും വെട്ടി നശിപ്പിച്ച് പുഴയിൽ ഒഴുക്കിയിരിക്കുകയാണ് .
ഇത് സംബന്ധിച്ച് ഗ്രീൻ പീപ്പിൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് പരാതിനൽകി. ഇത്തരം സാമൂഹ്യവിരുദ്ധരിൽ നിന്നും നദീതീരം സംരക്ഷിക്കുന്നതിനു മൂവാറ്റുപുഴ നഗരസഭയും വനം വകുപ്പും നടപടികൾ സ്വീകരിക്കണമെന്ന് രവീന്ദ്രൻ മൂവാറ്റുപുഴ, ബിനോയ് ഏലിയാസ്, ഡോ. രവീന്ദ്ര കമ്മത്ത് അസീസ് കുന്നപ്പിള്ളി തുടങ്ങിയവർ ആവശ്യപ്പെട്ടു. സമീപവാസിയും വൃക്ഷ സ്നേഹിയുമായ ചിറങ്ങര രാജുവാണ് വൃക്ഷങ്ങൾ പരിപാലിച്ചിരുന്നത്.