തൊടുപുഴ: തോടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നത് മൂലം ഗതാഗതം പൂര്‍ണ്ണമായും നിലച്ച മുതലക്കോടം – കാരകുന്നംപുറം മെഴ്സിലെയ്ന്‍ റോഡില്‍ അറ്റകുറ്റ പണികള്‍ ആരംഭിച്ചു. സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ആളുകൾ ഉപയോഗിക്കുന്ന ഈ വഴി തകർന്നതോടെ പ്രദേശവാസികൾ ദുരിതത്തിലാണ്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പി ജെ.ജോസഫ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച റോഡിനും സംരക്ഷണ ഭിത്തിക്കും ഏതാനും വര്‍ഷം മുമ്പുണ്ടായ പ്രളയത്തില്‍ വെള്ളം കുത്തിയൊലിച്ചെത്തിയാണ് ബലക്ഷയം ഉണ്ടായത്. ഇതിന് പുറമേ ഭാരവാഹനങ്ങള്‍ കൂടി കയറിയതോടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് തോട്ടിലേക്ക് പതിക്കുകയായിരുന്നു.
തകര്‍ന്ന ഭാഗത്ത് കഴിഞ്ഞ ദിവസം തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ചിരുന്നു. ഏതാനും മീറ്റര്‍ ദൂരത്തില്‍ കരിങ്കല്‍ കെട്ട് ഇടിഞ്ഞ് പോയതിനാല്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത സ്ഥിതിയാണ്. ഇതേ തുടര്‍ന്ന് പ്രശ്‌നം നഗരസഭാ കൗണ്‍സിലില്‍ അവതരിപ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതായും ഉടന്‍ പണികള്‍ ആരംഭിക്കാനാവുമെന്നും വാര്‍ഡ് കൗണ്‍സിലര്‍ ഷഹനാ ജാഫര്‍ പറഞ്ഞു.
മഴക്കാലത്ത് ശക്തമായി വെള്ളമൊഴുകുന്ന തോടിന് പാലമുണ്ടെങ്കിലും കൈവരികള്‍ ഇല്ലാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഇക്കഴിഞ്ഞ മഴക്കാലത്ത് ഇതുവഴി ഇരുചക്ര വാഹനത്തിലെത്തിയ യാത്രക്കാരി തോട്ടിലേക്ക് പതിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ നിരവധിയാളുകള്‍ കുളിക്കുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന ഇതേ തോട്ടിലേക്ക് വന്‍ തോതില്‍ മലിന ജലം ഒഴുക്കുന്നതായും പരാതിയുണ്ട്.
പ്രധാന പാതയോരത്ത് കൂടി ഒഴുകുന്ന ചെറുതോട്ടില്‍ കൂടിയാണ് മലിന ജലം ഒഴുകിയെത്തുന്നത്. മലിന ജലത്തിന്റെ സ്രോതസ് കണ്ടെത്താന്‍ നഗരസഭാ ആരോഗ്യ വകുപ്പ് പ്രദേശത്ത് പരിശോധന നടത്തണമെന്നും ശക്തമായ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.