Thursday, December 26, 2024

Top 5 This Week

Related Posts

തൊടുപുഴ മാസ്റ്റർപ്ലാൻ : മുനിസിപ്പൽ ചെയർമാൻ്റെ പ്രസ്താവന ജാള്യത മറക്കാൻ – യുഡിഎഫ്

തൊടുപുഴ: നഗരസഭയുടെ പുതുക്കിയ മാസ്റ്റർ പ്ലാനിന് സർക്കാർ അനുമതി നൽകിയ വിവരം പി ജെ ജോസഫ് എംഎൽഎ ജനങ്ങളെ അറിയിച്ചതിനുള്ള മനോവിഷമമാണ് മുനിസിപ്പൽ ചെയർമാന്റെ പ്രസ്താവനയിൽ ഉള്ളത്. നഗരസഭ കൗൺസിൽ സർക്കാരിന് സമർപ്പിച്ച പുതുക്കിയ മാസ്റ്റർ പ്ലാൻ സർക്കാർ അംഗീകരിച്ചത് കാര്യങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെട്ട ചെയർമാൻ പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്നാൽ സർക്കാരിലെ ഫയൽ എംഎൽഎയും പ്രതിപക്ഷ കൗൺസിലർമാരും പിന്തുടർന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. സർക്കാരിൽ നിന്ന് ഉണ്ടായ സംശയങ്ങൾ ടൗൺ പ്ലാനിങ് ഡിപ്പാർട്ട്മെൻ്റുമായി ബന്ധപ്പെട്ട് ദുരീകരിച്ച് നൽകുകയും ചെയ്തതിന്റെ ഫലമാണ് സർക്കാർ അനുമതി. 

മാസ്റ്റർപ്ലാനിലെ വ്യാപകമായ അപാകതകൾ പരിഹരിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് വരെ നിർമ്മാണ നിരോധനം ഉണ്ടാവാതിരിക്കാൻ പറവൂർ നഗരസഭയിൽ ചെയ്തതുപോലെ വിവാദ പദ്ധതികൾ മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കൗൺസിലർ അഡ്വ. ജോസഫ് ജോൺ കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഈ പ്രമേയത്തെ ചെയർമാന്റെ നേതൃത്വത്തിൽ വോട്ടിനിട്ട് പരാജയപ്പെടുത്തിയതിന്റെ ഫലമായി മുണ്ടേക്കല്ലിൽ നിർമ്മിക്കാനുള്ള മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നിലച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം ചെയർമാനാണ്.

മാസ്റ്റർ പ്ലാനിന്റെ ജനദ്രോഹ നിർദേശങ്ങൾ ഒഴിവാക്കാൻ പി ജെ ജോസഫ് എംഎൽഎ വിളിച്ചുചേർത്ത് സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു. സർവ്വകക്ഷി യോഗത്തിലെ തീരുമാനത്തിന്റെ കാതൽ ഉൾക്കൊണ്ടുകൊണ്ടാണ് അഡ്വ. ജോസഫ് ജോൺ, മുഹമ്മദ് അഫ്സൽ, സി ജിതേഷ് എന്നിവർ അടങ്ങുന്ന മുൻസിപ്പൽ കൗൺസിലിന്റെ സബ് കമ്മിറ്റി പ്രവർത്തിച്ചത്. സർവ്വകക്ഷി  സമ്മേളന  ശുപാർശകളാണ് സബ് കമ്മിറ്റിക്ക് മാർഗ്ഗനിർദ്ദേശമായത്. തൊടുപുഴ ടൗണിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയും, ഉൾപ്രദേശങ്ങളിലെ റോഡുകൾ 12 മീറ്റർ വരെ വീതി കൂട്ടിയും വസ്തുക്കൾ മരവിപ്പിച്ചു കൊണ്ടുള്ള മാസ്റ്റർ പ്ലാനിലെ നിർദ്ദേശങ്ങളെ ട്രാക്കും വ്യാപാരികളും ഉൾപ്പെടെ ബഹുജന സംഘടനകളാണ് എതിർത്തത്.

യാതൊരു നീതീകരണവും ഇല്ലാതെ മുതലക്കുടം പള്ളിയുടെയും നൈനാർ മുസ്ലിം പള്ളിയുടെയും കോമ്പൗണ്ടിൽ കൂടിയുള്ള റോഡ് നിർമ്മാണവും, മണക്കാട്ടെ സ്റ്റേഡിയം നിർമാണവും വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയായപ്പോളാണ് എംഎൽഎ യോഗം വിളിച്ച് സമവായം ഉണ്ടാക്കിയത്. മാസ്റ്റർപ്ലാൻ റദ്ദാക്കണമെന്ന് ആരും ഒരു സമയത്തും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ ജനങ്ങളെ ബാധിക്കുന്ന നിർമ്മാണ നിരോധനത്തിനെതിരെ യുഡിഎഫ് ശക്തമായി പ്രതികരിച്ചിട്ടുണ്ട്. മാസ്റ്റർ പ്ലാനിലെ 90 ശതമാനം പദ്ധതികളും ഉപേക്ഷിക്കപ്പെട്ടത് യുഡിഎഫിന്റെ നിലപാട് ശരിയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. 

1984 ൽ നിലവിൽ വന്ന ഡിടിപി സ്കീമിലെ പ്രധാന പദ്ധതികളാണ് കോതായിക്കുന്ന് ബൈപ്പാസ്, കാഞ്ഞിരമറ്റം ബൈപ്പാസ്, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, മുനിസിപ്പൽ പാർക്ക്, ലോറി സ്റ്റാൻഡ് തുടങ്ങിയവ. ഈ പദ്ധതികളെല്ലാം സമയബന്ധിതമായി നടപ്പാക്കാൻ ആവശ്യമായ ഫണ്ടും ലഭിച്ചിരുന്നു. ഡിടിപി സ്കീം ഒരു സമയത്തും നിർമ്മാണ നിരോധനത്തിന് കാരണമായിട്ടില്ല. ഡിടിപി സ്കീമിനെ പറ്റി കാര്യമായ അറിവ് ഇല്ലാത്തതുകൊണ്ടാണ് മുൻസിപ്പൽ ചെയർമാൻ നിർമ്മാണ നിരോധനം ഉണ്ടായതായി പ്രസ്താവിച്ചിട്ടുള്ളത്. നഗരസഭയുടെ വരുമാനം വർധിപ്പിക്കാൻ ഒരു പദ്ധതി തയ്യാറാക്കാൻ പോലും ഇപ്പോഴത്തെ കൗൺസിലിന് കഴിഞ്ഞിട്ടില്ല. 

തൊടുപുഴ നഗരസഭ കെടുകാര്യസ്ഥതയും വികസന മുരടിപ്പും മൂലം തകർന്നടിഞ്ഞിരിക്കുകയാണ്. ഈ കൗൺസിൽ അധികാരത്തിൽ വന്നതിനുശേഷം ഒരു പുതിയ പദ്ധതി പോലും ആരംഭിക്കാനോ പ്രോജക്ട് തയ്യാറാക്കി അധികാരികൾക്ക് നൽകാനോ കഴിഞ്ഞിട്ടില്ല. തൊടുപുഴയിൽ മുമ്പ് നടന്നിട്ടുള്ള ബൈപാസ് നിർമ്മാണങ്ങളും മറ്റ് വികസന പദ്ധതികളും നഗരസഭയുടെ ഫണ്ട്  മാത്രം കൊണ്ട് ഉണ്ടായതല്ല.

സംസ്ഥാന സർക്കാർ ഉൾപ്പെടെ പല ഏജൻസികൾക്കും പ്രോജക്ടുകൾ തയ്യാറാക്കി നൽകുകയും പദ്ധതികൾ നേടിയെടുക്കാൻ പരമാവധി ശ്രമങ്ങൾ നടത്തിയത് കൊണ്ടാണ് അവയൊക്കെ നടന്നത്. ഭരണപരിചയം തീരെ ഇല്ലാത്ത മുനിസിപ്പൽ ചെയർമാന് ഇക്കാര്യങ്ങളിൽ ഒന്നും ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കാൻ കഴിയാത്തത് നഗരത്തിൻ്റെ വികസന മുരടിപ്പിന് കാരണമായിരിക്കുകയാണ്. കഴിഞ്ഞ കൗൺസിലിന്റെ അവസാന വർഷം ഓരോ വാർഡിലും 22 ലക്ഷം രൂപ വാർഡ് ഫണ്ട് ആയി ലഭ്യമായിരുന്ന സ്ഥാനത്ത് ഈ വർഷം അത് 5 ലക്ഷം രൂപ മാത്രമായി. സർക്കാർ ആസൂത്രണ പദ്ധതിയിൽ നൽകിയ ഫണ്ട് യഥാസമയം ചിലവഴിക്കാത്തതിനാൽ പിറ്റെ വർഷം ലഭിക്കുന്ന ഫണ്ട് ഓരോ വർഷവും കുറഞ്ഞുവരികയാണ്. മുനിസിപ്പൽ റോഡുകൾ കുണ്ടും കുഴിയുമായി കിടക്കുമ്പോൾ പൊതുമരാമത്ത് റോഡ് റീ ടാറിങ്ങിനെ തന്റേതാക്കി മാറ്റാനുള്ള ചെയർമാൻ്റെ ശ്രമം എട്ടുകാലി മമ്മൂഞ്ഞിന്റെ തന്നെയാണ്. മങ്ങാട്ടുകവല ബസ്റ്റാൻഡ് കെട്ടിടം നിർമ്മാണം കഴിഞ്ഞ 2 വർഷമായി നിലച്ചിരിക്കുന്നതിനാൽ ഓരോ വർഷവും ഒരു കോടി രൂപയുടെ വീതം നഷ്ടമാണ് നഗരസഭയ്ക്ക് വരുന്നത്.

5 കോടി രൂപയുടെ ഡിപ്പോസിറ്റ് നഷ്ടപ്പെടുത്തി. മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ ശുചി മുറി നിർമ്മാണം ആരംഭിച്ചിട്ട് 3 വർഷമായി. പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടം പുനർനിർമ്മിക്കാൻ കഴിഞ്ഞ കൗൺസിൽ തയ്യാറാക്കിയ പദ്ധതിയിൽ അട ഇരിക്കുകയാണ്. കഴിഞ്ഞ കൗൺസിൽ കാലാവധി അവസാനിക്കുമ്പോൾ തനത് ഫണ്ട് 5.5 കോടി മിച്ചം ഉണ്ടായിരുന്നത് ഈ കൗൺസിലിന്റെ കാലത്ത് പൂജ്യം ആയതായി നേതാക്കൾ ആരോപിച്ചു. മാസ്റ്റർപ്ലാനിൻ്റെ അപാകതകൾ പരിഹരിച്ച് അംഗീകാരം നേടിയെടുക്കാൻ വിവിധ ഘട്ടങ്ങളിൽ പി ജെ ജോസഫ് എംഎൽഎ നൽകിയ സംഭാവനകളെ പ്രകീർത്തിക്കുന്നതിന് പകരം അദ്ദേഹത്തെ അപമാനിക്കാനുള്ള ചെയർമാന്റെ മാനസികാവസ്ഥ തൊടുപുഴയിലെ ജനങ്ങൾ അംഗീകരിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles