Thursday, December 26, 2024

Top 5 This Week

Related Posts

മധുര സ്മരണകളുമായി ഉമ തോമസ് രാജകീയ കലാലയത്തിൽ

ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസ സരസുകളുണ്ടോ…
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വർണ്ണമരാളങ്ങളുണ്ടോ

തൃക്കാക്കര : തന്റെ ഭാവി ജീവിതവും രാഷ്ട്രീയവും രൂപപ്പെടുത്തിയ മഹാരാജാസിന്റെ തിരുമുറ്റത്ത് ആ പഴയ കെ.എസ്.യുക്കാരി എത്തി. കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന തൃക്കാക്കരയുടെ പോരാട്ട ഭൂമിയിൽനിന്നാണ് പി.ടി.യുടെ സ്മരണയും, ചെമന്ന കലാലയത്തിൽ മുവർണക്കൊടി പാറിച്ച വിദ്യാർഥി രാഷ്ട്രീയത്തിന്റെ ജ്വലിക്കുന്ന നിരവധി ഓർമകളുമായി ഉമയെത്തിയത്. നോമിനേഷൻ കൊടുത്തതു മുതൽ കോളേജിൽ പോവണമെന്ന ആഗ്രഹം പൂർത്തിയാക്കാനാണ് ഇന്ന് സമയം കണ്ടെത്തിയതെന്നു ഉമ തോമസ് പറഞ്ഞു. കൂടെ മക്കളായ വിഷ്ണുവും, വിവേകും, മരുമകൾ ബിന്ദുവും ഉണ്ടായിരുന്നു.

മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഉമ തോമസ് പൊതുപ്രവർത്തനത്തിലേക്ക് എത്തുന്നത്. ഡിഗ്രി സുവോളജി വിദ്യാർത്ഥിയായിരുന്നു ഉമ. അന്ന് യൂണിയൻ കൗൺസിലറായും വൈസ് ചെയർപേഴ്‌സണായും ജയിക്കുകയും ചെയ്തിട്ടുണ്ട.് പിന്നീട് പി ടി തോമസിനെ വിവാഹം ചെയ്തതോടെ ഉമ പി ടി ക്ക് കരുത്ത് പകർന്ന് പി ടി യുടെ നിഴലായി മാറുകയായിരുന്നു. വീണ്ടും ആ പഴയ ക്ലാസിൽ ഓർമ്മകളുമായി ഉമ തോമസ് അല്പനേരം ഇരുന്നു. പി ടി തോമസ് എന്ന കെ.എസ്.യു നേതാവിനെ ആദ്യമായി കാണുന്നത് മീറ്റിങ്ങിൽ പങ്കെടുക്കാൻ മഹാരാജാസിൽ വരുമ്പോഴാണ്. അന്ന് പി ടി തോമസ് വരാൻ വൈകിയപ്പോൾ സമയം നികത്താൻ വേദിയിൽ പാട്ടു പാടുകയായിരുന്നു ഉമ. ആ പാട്ടിനിടയിലേക്കാണ് പി ടി കയറി വരുന്നത്. ഉമ മരുമകളോട് വിശേഷം പങ്ക് വച്ചു. പിന്നീട് ഉമയും ഉമയുടെ പാട്ടുകളും പി ടി യുടെ ജീവിതത്തിന്റെ ഭാഗമായത് ചരിത്രം.

മഹാരാജാസിലെ വരാന്തയിലൂടെ നടന്ന് നീങ്ങുമ്പോൾ ഉമാ തോമസിന് പറയാനുണ്ടായിരുന്നത് പി ടി യു ടെ വിശേഷങ്ങൾ. പിരിയൻ ഗോവണിയിലൂടെ പി ടി ഇല്ലാതെ ഉമ നടന്നിറങ്ങിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞു. അല്പനേരം ഉമ ആ പടവുകൾ്ക്കുതാഴെ കലങ്ങിയ കണ്ണുകളുമായി നിന്നു. ബിന്ദു ഉമയുടെ കണ്ണുകൾ തുടച്ച് തോളിൽ തട്ടി ആശ്വസിപ്പിച്ചു. കോളേജി റീ യൂണിയന് വന്നവരെ നേരിൽ കണ്ട് കുശലം പറഞ്ഞപ്പോൾ ഉമ ചേച്ചിച്ച് ആശംസകൾ പറഞ്ഞാണ് യാത്രയാക്കിയത്.
പഴയ വിദ്യാർത്ഥി നേതാവിന്റെ ഓർമ്മകളെ ഊർജമാക്കി ഉമ തോമസ് മഹാരാജാസിൽ നിന്നും വീണ്ടും തിരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് നീങ്ങി.

തൃക്കാക്കര വെറും ഒരു ഉപതിരഞ്ഞെടുപ്പല്ലെന്നു ഉമ തോമസിനു അറിയാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ യു.ഡി.എഫിനു ഊർജശ്വാസം നൽകേണ്ട വിധിയെഴുത്തിനാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. പിണറായി സർക്കാരിനെതിരായി യു.ഡി.എഫ് നേതൃത്വം നൽകുന്ന കെ.റെയിൽവിരുദ്ധ സമരമടക്കം ജനദ്രോഹ നയങ്ങൾക്കെതിരെയുളള ജനങ്ങളുടെ പ്രതിഷേധവും ഈ വിധിയെഴുത്തിലൂടെ ബോധ്യപ്പെടുത്തണം.മറ്റൊന്ന് പി.ടി. ഉയർത്തിപ്പിടിച്ച മൂല്യാധിഷ്ടിത രാഷ്ട്രീയമാണ് ഇവിടെ മാറ്റുരക്കുന്നത്. ഇടതുപക്ഷം പ്രായോഗിക രാഷ്ട്രീയത്തിന്റെ മറവിൽ കൊണ്ടുവരുന്ന വർഗീയ -പ്രീണന രാഷ്ട്രീയത്തിന്റെ അന്ത്യവും തൃക്കാക്കരയുടെ ഫലത്തെ ആശ്രയിച്ചായിരിക്കും.

ഇതെല്ലാം മനസ്സിൽ പേറിയാകാം മഹാരാജാസിന്റെ മണ്ണിൽതൊട്ടു മടങ്ങുമ്പോൾ ഉമ കുറിച്ചത് ഇങ്ങനെയാണ്.

‘ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസ സരസുകളുണ്ടോ…
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വർണ്ണമരാളങ്ങളുണ്ടോ’

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles