Saturday, November 2, 2024

Top 5 This Week

Related Posts

മഞ്ഞനിക്കര തീർത്ഥാടകർക്ക് പ്രാർത്ഥനാശംസകളുമായി മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്‌ക്കോപ്പ എത്തി

തിരുവല്ല: സെന്റ് മേരീസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് തോട്ടഭാഗം ഇടവകയുടെ നേതൃത്വത്തിൽ മഞ്ഞനിക്കര തീർത്ഥാടകരായ പദയാത്രികർക്ക് പ്രാർത്ഥനാശംസകൾ അർപ്പിക്കുവാൻ എപ്പിസ്‌കോപ്പ എത്തി.

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്‌ക്കോപ്പയാണ് മഞ്ഞനിക്കര തീർത്ഥാടകരായ പദയാത്രികർക്ക് പ്രാർത്ഥനാശംസകൾ അർപ്പിക്കുവാൻ കാത്തു നിന്നത്.

റവ.ഫാദർ ബേബി ജോസഫ് , റവ.ഫാദർ ഷിജു മാത്യൂ എന്നിവരുടെ നേതൃത്വത്തിൽ സെന്റ് മേരീസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് തോട്ടഭാഗം ഇടവക യൂത്ത് ഫോറം അംഗങ്ങൾ പദയാത്രികർക്ക് ദാഹശമനിയും വിതരണം ചെയ്തു.

പദയാത്രികരോട് സ്‌നേഹസംഭാഷണം നടത്തുകയും അനുഗ്രഹ പ്രാർത്ഥനകളാൽ അവരെ ആശിർവദിക്കുകയും ചെയ്തതിന് ശേഷമാണ് എപ്പിസ്‌ക്കോപ്പ മടങ്ങിയത്.

മഞ്ഞനിക്കര പെരുനാളുമായി ബന്ധപ്പെട്ട് മഞ്ഞനിക്കര ദയറയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഉള്ള പ്രദേശങ്ങൾ ഫെബ്രുവരി 5 മുതൽ 11 വരെ ഉത്സവ മേഖലയായി കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ പ്രഖ്യാപിച്ചിരുന്നു. പ്രസിദ്ധമായ മഞ്ഞനിക്കര പെരുന്നാൾ നാളെ സമാപിക്കും.കേരളത്തിലെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് മഞ്ഞിനിക്കര ദയറ എന്നറിയപ്പെടുന്ന മോർ ഇഗ്‌നേഷ്യസ് ദയറ. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിന് സമീപം സ്ഥിതി ചെയ്യുന്ന മഞ്ഞിനിക്കര കുന്നിലാണ് ഈ ദയറ (സന്ന്യാസ ആശ്രമം) സ്ഥാപിതമായിരിക്കുന്നത്. സുറിയാനി ഓർത്തഡോക്‌സ് സഭയുടെ തലവനായിരുന്ന ഇഗ്‌നാത്യോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസിന്റെ കബറിടം ഇവിടെ സ്ഥിതി ചെയ്യുന്നു.

മലങ്കരയിലെ അന്ത്യോഖ്യൻ പ്രതിനിധിയായിരുന്ന മോർ യൂലിയോസ് ഏലിയാസ് ക്വോറോ ആണ് ദയറയുടെ സ്ഥാപകൻ. മലങ്കരയിലെ സഭാതർക്കവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവാ ഇടവകാംഗങ്ങളുടെ ക്ഷണപ്രകാരം മഞ്ഞിനിക്കര ദൈവാലയവും സന്ദർശിക്കുവാൻ താത്പര്യപ്പെട്ടു. 1932 ഫെബ്രുവരി 11-ന് ഇവിടെയെത്തിയ ബാവാ 1932 ഫെബ്രുവരി 13-ന് ഇവിടെ വച്ച് മരണമടയുകയും ദയറയിൽ സംസ്‌കരിക്കപ്പെടുകയും ചെയ്തു. ഏലിയാസ് തൃതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാളായി ആചരിക്കുന്ന ഫെബ്രുവരി 12,13 തീയതികളിൽ ആയിരക്കണക്കിനു തീർത്ഥാടകർ പദയാത്രാസംഘങ്ങളായി ഇവിടേക്ക് വരാറുണ്ട്. ഈ പെരുന്നാളിൽ സംബന്ധിക്കുവാൻ അന്ത്യോഖ്യൻ പാത്രിയർക്കീസിന്റെ പ്രതിനിധിയും എല്ലാ വർഷവും എത്തിച്ചേരാറുണ്ട്.

ഏലിയാസ് തൃതിയൻ ബാവയുടേതിനു പുറമേ മോർ യൂലിയോസ് ഏലിയാസ് ക്വോറോ, മോർ യൂലിയോസ് യാക്കോബ്, മോർ ഒസ്താത്തിയോസ് ബെന്യാമിൻ ജോസഫ് എന്നിവരുടെ കബറിടങ്ങളും മഞ്ഞിനിക്കര ദയറയിൽ സ്ഥിതി ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles