Friday, November 1, 2024

Top 5 This Week

Related Posts

ഭിന്നശേഷി ദിനാഘോഷം;സംസ്ഥാനതലം കട്ടപ്പനയില്‍ നടത്തി

കട്ടപ്പന: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ അന്താരാഷ്ട്ര ദിനത്തിന്റെ സംസ്ഥാനതല  ആഘോഷം  കട്ടപ്പന മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പരിപാലിക്കുന്നവര്‍ ചെയ്യുന്നത് മഹത് പ്രവര്‍ത്തിയാണ്. ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണം. ഇത്തരം വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടവരല്ല, അവരും  പൊതുസമൂഹത്തിന്റെ ഭാഗമാണ്.

ജന്മനായുണ്ടായ വൈകല്യങ്ങള്‍ മറന്നു സമൂഹത്തിന്റെ ഭാഗമായി നിലനിര്‍ത്തി അവരുടെ കഴിവുകളെ വളര്‍ത്തിയെടുക്കണമെന്നും എം.പി പറഞ്ഞു.  കട്ടപ്പന മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം പൊതുസമ്മേളനത്തിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി.  ആഘോഷങ്ങളുടെ ഭാഗമായി കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച കുട്ടികളുടെ ആനന്ദ നടത്തം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്നായിരുന്നു പൊതുസമ്മേളനം. 

അസീസി സ്പെഷ്യല്‍ സ്‌കൂള്‍ വെള്ളയാംകുടി, ചവറ ഗേള്‍സ് സ്പെഷ്യല്‍ സ്‌കൂള്‍ പരപ്പ്, പ്രിയദര്‍ശനി ബഡ്സ് സ്‌കൂള്‍ കുമളി, ആശാഭവന്‍ നെടുങ്കണ്ടം, കാര്‍മല്‍ ജ്യോതി അടിമാലി, അനുഗ്രഹ സ്പെഷ്യല്‍ സ്‌കൂള്‍ പന്നിമറ്റം, അമല്‍ജ്യോതി ഇടുക്കി, പ്രതീക്ഷ നികേതന്‍ അണക്കര, സ്നേഹ സദന്‍ വള്ളക്കടവ്, ഡെയര്‍ സ്പെഷ്യല്‍ സ്‌കൂള്‍ മൂന്നാര്‍, ബഡ്സ് സ്‌കൂള്‍ ഉടുമ്പഞ്ചോല, പ്രതീക്ഷ ഭവന്‍ തൊടുപുഴ എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറി.

മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മനോജ് മുരളി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന്‍, വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജെയ്ബി, ജില്ലാ സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ ബിനോയ് വി.ജെ, വൊസാര്‍ഡ് ഡയറക്ടര്‍ ഫാ.ജോസ് ആന്റണി, തുടങ്ങി ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ ക്ലബ് ഭാരവാഹികള്‍, ജില്ലയിലെ  സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സാമൂഹ്യനീതി വകുപ്പും നാഷണല്‍ ട്രസ്റ്റിന്റെ കേരള സ്റ്റേറ്റ് നോഡല്‍ ഏജന്‍സിയും ചേര്‍ന്നൊരുക്കുന്ന സംസ്ഥാനതല ഭിന്നശേഷി ദിനത്തിന് ഇടുക്കി ജില്ലാ ആതിഥ്യമരുളുന്നത് ഇതാദ്യമാണ്. ഭിന്നശേഷി ജനവിഭാഗം സമൂഹത്തില്‍ തുല്യമായ അവകാശമുള്ളവരും അവരുടെ അന്തര്‍ ലീനമായ അന്തസ്സ് മാനിക്കപ്പെടേണ്ടതാണെന്നുള്ള പൊതു അവബോധം സൃഷ്ടിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles