രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കാശ്മീരിൽ പ്രതിപക്ഷ മുന്നേറ്റമാകും. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബാ മുഫ്തി എന്നിവർക്കു പുറമെ സിപിഎം നേതാവ് യൂസഫ് തരിഗാമിയും യാത്രയിൽ പങ്കെടുക്കും.
എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കുന്ന വിവരം അറിയിച്ചത്. കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയതിനെതിരെ രംഗത്തുള്ള ഗുപ്കാർ സഖ്യത്തിലെ പ്രധാനനേതാക്കളെല്ലാം ഭാരത് ജോഡോ യാത്രയിൽ പങ്കാളികളാവും.
‘ഇത് സന്തോഷകരമായ നിമിഷമാണ്. ബി.ജെ.പി. ഒഴികെയുള്ള ജമ്മു കശ്മീരിലെ നേതാക്കളെല്ലാം യാത്രയിൽ പങ്കാളികളാവുമെന്നാണ് കെ.സി. വേണുഗോപാൽ പ്രതികരിച്ചത്. കാശ്മീരിനെ മൂന്നായി വിഭജിച്ച ശേഷം തിരഞ്ഞടുപ്പുപോലും നടത്താതെ ജനാധിപത്യ ധ്വംസനമാണ് നടക്കുന്നതെന്ന് ആരോപണം ശക്തമായിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര കടന്നുവരുന്നത്. കാശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശക്മായിരിക്കെയാണ് പ്രതിപക്ഷ ഐക്യംകൂടി യാഥാർഥ്യമാകുന്നത്.