Friday, December 27, 2024

Top 5 This Week

Related Posts

ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്നവർ സൂക്ഷിക്കുക ;
ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് 14 ജില്ലകളിലും ഭക്ഷ്യസുരക്ഷാ പരിശോധന ആരംഭിക്കുന്നു. പരിശോധനകൾ നടത്തുന്നതിനു ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ ഹോളിഡേ എന്ന പേരിൽ ആരംഭിച്ച പരിശോധനയാണ് വ്യാപിപ്പിക്കുന്നത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. ലൈസൻസ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലർന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

നിയമം ലംഘിച്ച് മായം കലർത്തിയ ഭക്ഷണമോ കാലപ്പഴക്കമുള്ള ഭക്ഷണമോ പിടിക്കപ്പെട്ടാൽ ആ സ്ഥാപനത്തിന്റെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ലൈസൻസ് റദ്ദാക്കപ്പെട്ടാൽ അത് പിന്നീട് വീണ്ടെടുക്കുന്നത് തടസ്സമാകും. ആരുടെയും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് കർശനമായ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്.

ആളുകളുടെ ആരോഗ്യത്തെയും ജീവനെയും ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയമാണിത്. ഇക്കാര്യത്തിൽ എല്ലാ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും പ്രത്യേകിച്ച് ആഹാരം തയ്യാറാക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും ഭാഗത്തുനിന്നും വളരെ കൃത്യമായ ബോധ്യത്തോടെയുള്ള ഇടപെടൽ ഉണ്ടാകണം. ഒരു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്റെ അധികാരപരിധിയിലുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസോ രജിസ്ട്രേഷനോ ഉണ്ടോ എന്നതും ഉറപ്പുവരുത്തും.

പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ചിട്ടുള്ള പരാതികൾ അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പോർട്ടൽ തയ്യാറാക്കി വരുന്നതായി മന്തി അറിയിച്ചു. പൊതുജനങ്ങൾക്ക് ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും. ഓരോ പരാതിയിൽമേലും പെട്ടെന്ന് തന്നെ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles