Wednesday, December 25, 2024

Top 5 This Week

Related Posts

ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു

പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. വത്തിക്കാനിലെ മേറ്റർ എക്ലീസിയാ മൊണാസ്ട്രിയിൽ പ്രാദേശിക സമയം രാവിലെ 9.34 നാണ് അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 ന് സ്ഥാനമേറ്റത്. 2013 ഫെബ്രുവരി 28-ന് മാർപാപ്പ പദവി ഒഴിഞ്ഞ് പോപ്പ് എമിരറ്റ്‌സായി.

തുടർന്ന് പോപ് എമെരിറ്റസ് എന്ന പദവിയിൽ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ജർമൻ പൗരനായ കർദിനാൾ ജോസഫ് റാറ്റ്സിങ്ങറാണ് ബനഡിക്ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാർപാപ്പയായത്. 1927 ഏപ്രിൽ 16-ന് ജർമനിയിലെ ബവേറിയിലാണ് ജോസഫ് റാറ്റ്സിങ്ങറിൻറെ ജനനം. പോലീസുകാരനായിരുന്ന ജോസഫ് റാറ്റ്‌സിംങ്ങർ സീനിയറിൻറെയും മരിയയുടെയും മൂന്നാമത്തെ മകനായിരുന്നു ജോസഫ് റാറ്റ്‌സിംഗർ. സാൽസ്ബർഗിൽനിന്ന് 30 കിലോമീറ്റർ അകലെ ഓസ്ട്രിയൻ അതിർത്തിയിലെ ട്രോൺസ്റ്റീൻ ഗ്രാമത്തിലാണ് ജോസഫ് റാറ്റ്സിങ്ങറിൻറെ ബാല്യ, കൗമാരങ്ങൾ ചെലവഴിച്ചത്. 1941-ൽ പതിനാലാം വയസിൽ, ജോസഫ് റാറ്റ്സിംങ്ങർ, നാസി യുവ സംഘടനയായ ഹിറ്റ്‌ലർ യൂത്തിൽ അംഗമായി. അക്കാലത്ത് ജർമനിയിൽ 14 വയസു കഴിഞ്ഞ എല്ലാ കുട്ടികളും ഹിറ്റ്‌ലർ യൂത്തിൽ പ്രവർത്തിച്ചിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു.

കുർബാന അർപ്പിച്ചതിന് വൈദികനെ നാസികൾ ആക്രമിക്കുന്നത് ഉൾപ്പെടെ കത്തോലിക്കാ സഭക്കെതിരായ ഒട്ടേറെ പീഡനങ്ങൾക്ക് സാക്ഷ്യം വഹിച്ചു വളർന്ന ജോസഫ്,1945 ൽ സഹോദരൻ ജോർജ് റാറ്റ്സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29 നു വൈദികനായി. 1977 ൽ മ്യൂണിക്കിലെ ആർച്ച്ബിഷപ്പായി. എൺപതു വർഷത്തിനിടെ ബവേറിയയിലെ ഏറ്റവും വിഖ്യാതമായ അതിരൂപതയുടെ ആർച്ച് ബിഷപ്പാകുന്ന ആദ്യ സ്വദേശിയായിരുന്നു അദേഹം. അതേ വർഷം ജൂൺ 27-ന് പോൾ ആറാമൻ മാർപ്പാപ്പ ആർച്ച് ബിഷപ്പ് ജോസഫ് റാറ്റ്സിംങ്ങറെ കർദിനാളായി ഉയർത്തി. 1981 നവംബർ 25-ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കർദിനാൾ റാറ്റ്സിംങ്ങറെ വിശ്വാസ തിരുസംഘത്തിൻറെ പ്രീഫെക്ട് ആയും രാജ്യാന്തര ദൈവശാസ്ത്ര കമ്മീഷൻറെയും പൊന്തിഫിക്കൽ ബൈബിൾ കമ്മീഷൻറെയും പ്രസിഡൻറായും നിയമിച്ചു. 1998 നവംബർ ആറിന് കർദിനാൾ സംഘത്തിൻറെ വൈസ് ഡീനായും 2002 നവംബർ 30ന് ഡീനായും ഉയർത്തി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മരണത്തെത്തുടർന്ന് 2005 ഏപ്രിൽ 19 ന് എഴുപത്തെട്ടാം വയസിൽ 265-ാമത് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
സ്ത്രീകൾ വൈദികരാകുന്നതിനെയും ഗർഭച്ഛിദ്രം നടത്തുന്നതിനെയും എതിർത്തു. വൈദികരുടെ പീഡനങ്ങൾക്ക് ഇരയായ കുട്ടികളോട് മാപ്പ് ചോദിച്ചത് ലോകശ്രദ്ധയാകർഷിച്ചിരുന്നു.
വിരമിച്ച ശേഷം പോപ് എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ അപൂർവമായി മാത്രമേ പൊതുചടങ്ങുകളിൽ പങ്കെടുത്തിരുന്നുള്ളു.
.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles