Thursday, December 26, 2024

Top 5 This Week

Related Posts

പുഴയോരം ആർട്ട് ക്യാമ്പിന് തുടക്കമായി

മൂവാറ്റുപുഴഃ നഗരസഭയും പരിത്രാൺ ചാരിറ്റബിൾ ട്രസ്റ്റും തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായി മൂവാറ്റുപുഴ ചിൽഡ്രൻസ് പാർക്കിൽ സംഘടിപ്പിക്കുന്ന പുഴയോരം ആർട്ട് ക്യാമ്പിന് തുടക്കമായി.
പാട്ടും ശിൽപവും വരെയും എന്നപേരിൽ 21 വരെ ക്യാമ്പ് നടക്കും. നഗരസഭാ ചെയർമാൻ പി.പി. എൽദോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ സിനി ബിജു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അജി മുണ്ടാട്ട്, പി.എം. അബ്ദുൾ സലാം, രാജശ്രീ രാജു, നിസ അഷറഫ്, ജോസ് കുര്യാക്കോസ്,
പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, വാർഡ് കൗൺസിലർ ബിന്ദു സുരേഷ്, പരിത്രാൺ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ വിനോദ് ആചാരി, ഷിബി മാതേക്കൽ, ശ്യാംകുമാർ, സാബു പി.ഡി. എന്നിവർ സംബന്ധിച്ചു.

ചിൽഡ്രൻസ് പാർക്കിന്റെ നവീകരണവും വെള്ളൂർകുന്നം ക്ഷേത്രക്കടവിന്റെ സൗന്ദര്യ വൽക്കരണവും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. ആർ.എൽ.വി. യിലെ 20 ചിത്രകലാ വിദ്യാർത്ഥികൾ മൂന്ന് ദിവസത്തെ ക്യാമ്പ് നയിക്കും. നെഹ്‌റു പാർക്കിലെ കുട്ടികളുടെ പാർക്കിന്റെ ചുറ്റുമതിലിൽ
ചുമർചിത്രങ്ങൾ ഒരുക്കും. മതിലിന്റെ ഇരുവശങ്ങളിലുമായി കുട്ടികളെ ആകർഷിക്കുന്ന കാർട്ടൂണുകളും
പൂക്കളും ചിത്രശലഭങ്ങളും പ്രകൃതി ദൃശ്യങ്ങളുമെല്ലാം സ്ഥാനംപിടിക്കും. നിലവിൽ പാർക്കിലുള്ള ശില്പങ്ങൾ നിറം കൂട്ടി മനോഹരമാക്കും. കളി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും നടത്തും.
ഇതോടൊപ്പം പാർക്കിന് ചേർന്നുള്ള വെള്ളൂർകുന്നം ക്ഷേത്ര കടവ് മനോഹരമാക്കും. ലക്ഷങ്ങൾ ചെലവഴിച്ച് ഏതാനും ആഴ്ച മുമ്പ് നഗരസഭ കടവ് നവീകരണം പൂർത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മതിലും പടവുകളും വാൾ പെയിൻറിംഗിലൂടെ മനോഹരമാക്കുന്നത്. ഇതോടനുബന്ധിച്ച് 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് 15 വയസ്സിൽ താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് പാട്ടും ശിൽപവും വരയും സംഘടിപ്പിക്കും. ശില്പ നിർമ്മാണത്തിലും ചിത്രകലയിലും പരിശീലനം നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. പങ്കെടുക്കുന്ന കുട്ടികൾക്ക് കളിമണ്ണും ചായവും മറ്റും സൗജന്യമായി നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles