തിരുവനന്തപുരം: പി.സി ജോർജിനെതിരായ കേസിൽ അറസ്റ്റിൻറെ കാരണം ബോധ്യപ്പെടുത്താൻ പെലീസിനായില്ലെന്നു കോടതി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ജാമ്യ ഉത്തരവിൽ പറയുന്നു. ജാമ്യ ഉത്തരവിൻറെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.
പി.സി ജോർജിനെതിരെ ചുമത്തിയത് പ്രോസിക്യൂഷനെ കേൾക്കാതെ ജാമ്യം നൽകാവുന്ന കുറ്റമാണെന്നും പി.സി ജോർജിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും വിധിയിൽ പറയുന്നു. അതുകൊണ്ട് ജുഡീഷ്യൽ കസ്റ്റഡിയിൽവെക്കേണ്ട കാര്യമില്ലെന്നും മുൻ എം.എൽ.എ ഒളിവിൽ പോകുമെന്ന് കരുതുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റിന്റെ കാരണം വ്യക്തമല്ലാത്തതിനാൽ ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്നുമാണ് വിധി.
അതേസമയം, കോടതി വിധി ലഭ്യമായതോടെ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നാളെ അപ്പീൽ ഫയൽ ചെയ്യുമെന്ന് അറിയുന്നു. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാവും അപ്പീൽ നൽകുക. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടും ജാമ്യം കിട്ടിയതിനെ പൊലിസ് ഗൗരവമായാണ് കാണുന്നത്. ഹിന്ദു മഹാ സമ്മേളനം എന്ന പേരിൽ സംഘ് പരിവാർ സംഘടിപ്പിച്ച യോഗത്തിൽ കടുത്ത വിദ്വേഷ പ്രസംഗമാണ് പി.സി. ജോർജ് നടത്തിയത്. സംഭവം ശ്ക്തമായ പ്രതിഷേധം ഉയർത്തിയതോടെ പോലീസി കേസെടുക്കുകയും വീട്ടിൽനിന്നു പോലീസെത്തി തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് മജിസ്‌ത്രേട്ടിന്റെ വീട്ടിലെത്തിച്ചെങ്കിലും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഇനി വിദ്വേഷ പ്രസംഗം നടത്തരുതെന്നായിരുന്നു പ്രധാന ഉപാധി. തുടർന്ന് പുറത്തിറങ്ങിയ പി.സി. ജോർജ് തന്റെ പ്രസംഗത്തിൽ ഉറച്ചുനില്ക്കുന്നതായി മാധ്യമങ്ങളോട് വെളിപ്പെടുത്തി. എംഎ യൂസഫലിക്കെതിരെ നടത്തിയ ചില പരാമർശങ്ങൾ ഉദ്ദേശിച്ചത് മാറിപ്പോയി എന്നും തിരുത്തി. തന്റെ അറസ്റ്റ് പെരുന്നാളിനു തീവ്രവാദികൾക്കുള്ള പിണറായി വിജയന്റെ സമ്മാനമെന്നു പറഞ്ഞ് മുഖ്യമന്ത്രിയെയും ആക്ഷേപിച്ചു.
ജാമ്യം ലഭ്യമായ സാഹചര്യം സർക്കാരിനെയും സമ്മർ്്്ദത്തിലാക്കിയതോടെയാണ് കേസിൽ അപ്പീൽ ഉൾപ്പെടെ തുടർ നടപടികൾ സ്വീകരിക്കാൻ പോലീസ് മുന്നോട്ടുവന്നിരിക്കുന്നത്. വിവാദമായ കേസിൽ എ.പി.പി ഹാജരാകാതെയിരുന്നതും സർക്കാരിനു തലവേദനയായിരുന്നു.