കൊച്ചി : ജോർജിന് മുങ്ങാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുത്തത് സർക്കാരാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നേരത്തെ അറസ്റ്റ് നാടകം നടത്തി സ്വന്തം കാറിൽ സംഘപരിവാർ പ്രവർത്തകരുടെ പുഷ്പഹാരങ്ങൾ ഏറ്റുവാങ്ങിയാണ് തിരുവനന്തപുരത്തെ കോടതിയിൽ എത്തിച്ചത്. കോടതിയിൽ എത്തിയപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായില്ല. എഫ്.ഐ.ആറിൽ ഒന്നും ഇല്ലെന്നു കണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കോടതിക്ക് പുറത്തും തൃക്കാക്കരയിലും ജോർജ് വിദ്വേഷ പരാമർശം ആവർത്തിച്ചു. എന്നിട്ടും നടപടിയെടുക്കാതിരുന്ന സർക്കാർ, തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ പി.സി ജോർജിനെ അറസ്റ്റ് ചെയ്യുമെന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ നൽകിയ ഒരാളെ നിരീക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ പൊലീസ്? പ്രതിപക്ഷ നേതാവിന്റെ നീക്കങ്ങൾ നോക്കാൻ വിട്ട ഇന്റലിജൻസുകാരെയും പൊലീസുകാരെയും ജോർജിന് പിന്നാലെ വിട്ടിരുന്നെങ്കിൽ ഇപ്പോൾ അറസ്റ്റ് ചെയ്യാമായിരുന്നു.
തൃക്കാരയിൽ പ്രസംഗം നടത്താൻ ജോർജിനെ ക്ഷണിച്ച് കൊണ്ടുവന്നത് ആരാണെന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. ജോർജിനെ ക്ഷണിച്ച് കൊണ്ടുവന്നയാൾക്ക് അടുത്തിടെ കോൺഗ്രസ് വിട്ട ഡി.സി.സി ഭാരവാഹിയുമായി ബന്ധമുണ്ട്. ഇയാൾക്ക് ഇ.പി ജയരാജനുമായി എന്ത് ബന്ധമാണുള്ളതെന്നും മാധ്യമങ്ങൾ അന്വേഷിക്കണം.
ടി.പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിക്കുക മാത്രമല്ല 52 വെട്ട് വെട്ടി കൊലപ്പെടുത്തുകയും ചെയ്തു. ഞങ്ങളുടെ പാർട്ടി വിട്ടവർക്ക് എപ്പോൾ വേണമെങ്കിലും ഇതുവഴി നടന്നു പോകാം. മുഖ്യമന്ത്രി ഷാൾ ഇട്ട് സ്വീകരിച്ചയാളെ എന്തുകൊണ്ടാണ് പ്രചരണത്തിന് ഇറക്കാത്തതെന്ന് മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടത്. കോൺഗ്രസിനെ സ്നേഹിക്കുന്ന ആരും പാർട്ടി വിടില്ല. ഇപ്പോൾ പോയവരൊക്കെ ഒറ്റയ്ക്കാണ് പോയത്. തലകറങ്ങി വീണാൽ സോഡ വാങ്ങിക്കൊടുക്കാൻ പോലും ആരും ഒപ്പം പോയില്ലെന്നും വി.ഡി. സതീശൻ പരിഹസിച്ചു.