Wednesday, December 25, 2024

Top 5 This Week

Related Posts

‘പിടിച്ചതുമില്ല, കടിച്ചതുമില്ല’ കെട്ടിവച്ച കാശുപോലും നേടാനാവാതെ ബിജെപി

കൊച്ചി : ബിജെപിക്കു തൃക്കാക്കരയിൽ കെട്ടിവച്ച കാശുപോലും കിട്ടില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണനെ കളത്തിലിറക്കിയും മത വിദ്വേഷ പ്രസംഗത്തിലൂടെ വിവാദ നായകനായ പി.സി. ജോർജിനെ എഴുന്നള്ളിച്ചും പ്രചാരണം നടത്തിയ ബിജെപിക്ക് 9.57 % വോട്ടാണ് ലഭിച്ചത്. പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്നു നേടിയാലേ കെട്ടിവച്ച കാശു ലഭിക്കൂ. 2021 ൽ ബിജെപി മണ്ഡലത്തിൽ 15218 (11.32 %)വോട്ട് നേടിയിരുന്നു. താരതമ്യേന അപ്രശസ്തനായ എസ്. സജിയായിരുന്നു സ്ഥാനാർഥി. ഇക്കുറി ഉപതിരഞ്ഞെടുപ്പിൽ 12,957 വോട്ടാണ് എ.എൻ. രാധാകൃഷ്ണനു ലഭിച്ചത്്. 2526 വോട്ട് കുറവ്. യുഡിഎഫ് 12,931 (53.76%) വോട്ടും, എൽഡിഎഫ് 2244 (35.28%.) വോട്ടും അധികം നേടിയപ്പോഴാണ് ബിജെപിക്ക് ദയനീയ തോൽവി. മാതൃഭൂമി, മനോരമ അടക്കം മുഖ്യധാരാ മാധ്യമങ്ങളിൽ ലക്ഷങ്ങൾ ചെലവഴിച്ച് ബിജെപിയെ ഒന്നാമതാക്കി പ്രചാരണം നടത്തിയതും ഏശിയില്ല.

കഴിഞ്ഞതവണ നാലു ബൂത്തിൽ ഒന്നാമതും 11 ബൂത്തിൽ രണ്ടാമതും എത്തിയിരുന്നു. ഇക്കുറി ഒരിടത്തുപോലും ഒന്നാമതു വന്നില്ല. വി. മുരളീധരൻ അടക്കമുളള ബിജെപി നേതാക്കൾ മണ്ഡലത്തിൽ തമ്പടിച്ചാണ് പ്രചാരണം നടത്തിയത്. പി.സി. ജോർജിന്റെ സാന്നിദ്ധ്യം തിരിച്ചടിയാവുകയാണ് ചെയ്തതെന്നു ഫലം തെളിയിക്കുന്നു. ക്രൈസ്തവർ നിർണായകമായ മണ്ഡലത്തിൽ ഒരു വോട്ടുപോലും ഈ വകയിൽ കിട്ടിയതായി കാണുന്നില്ല. വെണ്ണല ക്ഷേത്രത്തിലെ പി.സി. ജോർജിന്റെ വർഗീയ പ്രസംഗം, തുടർന്നുളള കേസ്, അനന്തപുരി പ്രസംഗത്തിന്റെ പേരിൽ ജയിൽ വാസം,തുടർന്ന് ജാമ്യം ലഭിച്ചശേഷം ബിജെപി വീരപരിവേഷം നൽകിയാണ് പി.സി. ജോർജിനെ പ്രചാരണത്തിനിറക്കിയത്. പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ പി.സി. ജോർജിനെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ പ്രതിഷേധവുമായി ബിജെപി ഓടിയെത്തിയത് തൃക്കാക്കരയിലെ വോട്ട് കൂടി കണ്ണുവച്ചായിരുന്നു. ഫലം വന്നപ്പോൾ പിടിച്ചതുമില്ല, കടിച്ചതുമില്ല എന്ന അവസ്ഥയിലാണ് ബിജെ.പി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles