പാലക്കാട് : നഗരത്തിലെ മേലാമുറിയിൽ ആർഎസ്എസ് നേതാവ് വെട്ടേറ്റു മരിച്ചു. മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് (45) കൊല്ലപ്പെട്ടത്. പാലക്കാട് എസ്കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ശ്രീനിവാസിനെ ബൈക്കിലെത്തിയ അഞ്ച് അംഗ സംഘം കടയിൽ വെട്ടുകയായിരുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെ മൂന്നു ബൈക്കുകളിലായി എത്തിയ സംഘം വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.
തലയ്ക്കും നെറ്റിയിലും സാരമായ പരുക്കേറ്റിരുന്നു. വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് പവർത്തകൻ സുബൈറിനെ പാലക്കാട് എലപ്പുളളിയിൽ വെട്ടിക്കൊലപ്പെടുത്തിയതിനു പ്രതികാരമാണ് ഈ കൊലപാതകമെന്ന് കരുതുന്നു.
ശ്രീനിവാസൻ കൊല്ലപ്പെടാനിടയായ ആക്രമണത്തിനു പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു. വെള്ളിയാഴ്ച സുബൈറിന്റെ കൊലപാതകത്തിനുശേഷം നഗരം കനത്ത പോലീസ് കാവലിലിരിക്കെയാണ് പട്ടാപകൽ ആർ.എസ്.എസ് നേതാവ് കൊല്ലപ്പെട്ടത്.ഇത് പോലീസിനും തലവേദനയായിട്ടുണ്ട്. നഗരത്തിലേക്ക് കൂടുതൽ പോലീസിനെ വിന്യസിക്കും.
മൂന്ന് കമ്പനി സേന ഉടൻ ജില്ലയിലെത്തും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ പാലക്കാട് ക്യാംപ് ചെയ്യും. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്