Friday, January 10, 2025

Top 5 This Week

Related Posts

പള്ളിക്കൽ ആറിലും വട്ടക്കായലിലും വൻകൈയ്യേറ്റം.

പള്ളിക്കൽ ആറിലും വട്ടക്കായലിലും വൻകൈയ്യേറ്റം.

കരുനാഗപ്പള്ളി :അഷ്ടമുടി കായലിനു പിന്നാലെ കയ്യേറ്റം മൂലം മരണത്തിലേക്ക് പതിക്കുകയാണ് പള്ളിക്കലാറും .പള്ളിക്കലാർ വന്നു പതിക്കുന്ന വട്ടക്കായലും. പള്ളിക്കലാറിൻ്റെയും വട്ടക്കായലിന്റെയും മറ്റും കയ്യേറ്റങ്ങൾ കണ്ടെത്താൻ അധികൃതർ നടത്തിക്കൊണ്ടിരിക്കുന്ന സർവ്വേ നടപടികളിലാണ് ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള കയ്യേറ്റങ്ങൾ കണ്ടെത്തി കൊണ്ടിരിക്കുന്നത്. കായൽ പുറമ്പോക്ക് ഉൾപ്പെടെ നികത്തിയെടുത്ത് ലക്ഷങ്ങൾ വിലയുള്ള ഭൂമിയാക്കി മാറ്റിയതാണ് കണ്ടെത്തൽ. പള്ളിക്കലാർ ഉൾപ്പെടെയുള്ള ജലാശയങ്ങളുടെ കയ്യേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കൽ നടപടികൾ ഉടൻ ആരംഭിക്കണമെന്ന ചെന്നൈ ആസ്ഥാനമായ ഹരിത ട്രൈബ്യൂണലിന്‍റെ വിധിയെ തുടർന്ന് കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പും സർവ്വേ ഡിപ്പാർട്ട്മെന്റും ചേർന്നാണ് കയ്യേറ്റങ്ങൾ കണ്ടെത്താനുള്ള പ്രാഥമിക സർവ്വേ നടപടികൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ കായൽ പുറംപോകും റവന്യൂ പുറമ്പോക്കും കണ്ടെത്തി പ്രത്യേക അടയാളപ്പെടുത്തുന്ന നടപടിക്രമങ്ങളാണ് നടന്നുവരുന്നത്. കഴിഞ്ഞമാസം 17ന് തുടങ്ങിയ സർവ്വേ നടപടികൾ പുരോഗമിക്കുമ്പോൾ ഏക്കറു കണക്കിന് ഭൂമി പുറമ്പോക്കായി കണ്ടെത്താൻ കഴിയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് വിവരം. ജലാശയത്തിൽ നിന്ന് 10 മുതൽ 12 മീറ്റർ വരെ കയ്യേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ ചില വൻകിടക്കാരുടെ കയ്യിൽ വലിയ തോതിൽ  കയ്യേറിയ ഭൂമി ഉണ്ടെന്നാണ് കണ്ടെത്തൽ. കയ്യേറ്റത്തെ സംബന്ധിച്ച് നേരത്തെ തന്നെ അധികൃതർക്ക് വിവരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഒഴിപ്പിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നില്ല. എന്നാൽ ഹരിത ട്രൈബ്യൂണലിന്‍റെ ശക്തമായ ഇടപെടൽ വന്നതോടെയാണ് നടപടികൾ തുടങ്ങാൻ എൽഡിഎഫ് നിയന്ത്രണത്തിലുള്ള നഗരസഭ തയ്യാറായത്. എന്നാൽ വലിയതോതിലുള്ള ചില കയ്യേറ്റങ്ങൾ സിപിഎം നേതാക്കളുടേത് അടക്കം ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ സർവ്വേ നടപടികൾ നിർത്തിവയ്ക്കാനും മരവിപ്പിക്കാൻ ഉള്ള പരിശ്രമങ്ങളും നടക്കുന്നുണ്ട്. എൽഡിഎഫ് നിയന്ത്രണത്തിലുള്ള നഗരസഭയിലെ ഒരു വിഭാഗം കൗൺസിലർമാരെ ഉപയോഗപ്പെടുത്തി ഇതിനുള്ള പരിശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും ചെയർമാൻ ഉൾപ്പെടെയുള്ളവർ ശക്തമായ നിലപാട് സ്വീകരിച്ചതാണ് നടപടികൾ തുടരുന്നതിന് കാരണമായിട്ടുള്ളത് എന്നാണ് വിവരം. ഇതോടെ നഗരസഭ ചെയർമാനെ നീക്കുന്നതിനുള്ള ചില പരിശ്രമങ്ങളും സിപിഎമ്മിനുള്ളിൽ ആരംഭിച്ചിട്ടുണ്ട്. കടുത്ത വിഭാഗീയത നിലനിൽക്കുന്ന കരുനാഗപ്പള്ളിയിൽ സിപിഎമ്മിലെ തന്നെ ഒരു വിഭാഗത്തിന്റെ നോമിനിയെ മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. ഈ നീക്കത്തിനാണ് ഇപ്പോൾ ശക്തി വർദ്ധിച്ചിരിക്കുന്നത്. ചില ആരോപണങ്ങൾ ഉയർത്തിയും ഭരണത്തിൽ ഏകോപനം ഇല്ല എന്നതുൾപ്പെടെയുള്ള വർഷങ്ങൾ ഉന്നയിച്ചുമാണ് നിലവിലുള്ള മുനിസിപ്പൽ ചെയർമാനെ നീക്കി പുതിയ ആളെ തൽസ്ഥാനത്ത് കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങൾ നടക്കുന്നത്. ഘടകകക്ഷിയായ സിപിഐയുടെ സഹായം കൂടി ഇതിന് മറുപക്ഷം ആവശ്യപ്പെട്ടെങ്കിലും സിപിഐ നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടില്ല എന്നാണ് അറിയുന്നത്. എന്നാൽ സർവ്വേ മുന്നോട്ടുപോകുമെന്നും എന്തുവന്നാലും വിട്ടുവീഴ്ചക്കില്ലെന്നുമുള്ള നിലപാടിലാണ് നഗരസഭാ അധികൃതർ. ഭൂമിക്ക് കോടികൾ വിലമതിക്കുന്ന കരുനാഗപ്പള്ളി ടൗണിൽ നഗരസഭാ വികസനത്തിനായി വിവിധ പദ്ധതികൾക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പിടിച്ചെടുക്കുന്ന ഭൂമി ഉപയോഗപ്പെടുത്താൻ ആകുമെന്ന് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെ ചൂണ്ടി കാട്ടുന്നു. ഇതിനിടെ കായൽ കയ്യേറ്റം ആയതിനാൽ പട്ടയം ലഭിക്കാത്തതും വീടുകളിൽ പലതിനും വീട്ടുനമ്പർ ലഭിക്കാത്തതുമായ പ്രശ്നവും പള്ളിക്കല്ലാറിൻ്റെ തീരത്ത് വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. പിടിച്ചെടുക്കുന്ന ഭൂമിയിലൂടെ കായലോരത്ത് നടപ്പാതയോ  റോഡോ നിർമ്മിച്ചാൽ വീടിന് നമ്പർ ലഭിക്കുന്നതിന് ഉള്ള തടസ്സം ഉൾപ്പെടെ നീങ്ങി കിട്ടുമെന്ന് ചെറിയ വസ്തു ഉടമകളായ ആളുകൾ കണക്കാക്കുന്നു. അതിനാൽ ഒഴിപ്പിക്കൽ നടപടികൾ നടപ്പിലാക്കി ഇവിടെ റോഡോ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളെ നടത്തണമെന്ന ആവശ്യം ഈ വിഭാഗം ഉന്നയിക്കുന്നുണ്ട്. കുട്ടികളുടെ പാർക്ക്, കളിസ്ഥലം തുടങ്ങിയ നഗരസഭയുടെ പദ്ധതികൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിൽ കായൽ തീരത്തു തന്നെ ഭൂമി സൗജന്യമായി ലഭിക്കുമെന്നത് ഒഴിപ്പിക്കൽ നടപടികളുടെ പ്രാധാന്യം ഇരട്ടിപ്പിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ കൊടുമൺ കുട്ടിവനത്തിൽ നിന്നും ഉത്ഭവിച്ച് നഗരസഭയിലെ ചന്തക്കായലിൽ എത്തി വട്ടക്കായൽ വഴി ടി എസ് കനാലിലൂടെ സമുദ്രത്തിൽ പതിക്കുന്ന പ്രധാനപ്പെട്ട നദിയാണ് പള്ളിക്കലാർ. പാരിസ്ഥിതികമായി ഒട്ടേറെ പ്രാധാന്യമുള്ളതും മത്സ്യ സമ്പത്തിന്റെ പ്രധാന ഉറവിടങ്ങളിൽ ഒന്നുമാണ് ഈ നദിയും കായലും. ഈ നദിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് മലിനീകരണം ഉൾപ്പെടെ സൃഷ്ടിക്കുന്ന വ്യാപക കയ്യേറ്റം കണ്ടെത്തി ഒഴിപ്പിക്കണമെന്ന നിർദ്ദേശമാണ് ഗ്രീൻ ട്രൈബ്യൂണൽ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ കോടതിവിധിയെ പോലും അട്ടിമറിക്കാൻ കരുത്തുള്ള വമ്പന്മാർ കയ്യേറ്റക്കാരുടെ കൂട്ടത്തിൽ ഉണ്ട് എന്നത് ഒഴിപ്പിക്കൽ നടപടികൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുമോ എന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സർവ്വേ നടപടികൾ പൂർത്തിയായാൽ രണ്ടാംഘട്ടമായി ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles