ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽപ്പെടുത്തി പണ്ടപ്പിള്ളി സി.എച്ച്.സി. യിൽ നോൺ – മിഡ്രിയാറ്റിക് ഫണ്ടസ് ക്യാമറ അനുവദിച്ചു. നാലരലക്ഷം രൂപ വില വരുന്ന ക്യാമറയിലൂടെ കണ്ണിൽ മരുന്നൊഴിച്ച് കൃഷ്ണമണി വികസിപ്പിക്കാതെ തന്നെ കണ്ണിന്റെ ഞരമ്പുകളെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി, ഹൈപ്പർ ടെൻസിവ് റെറ്റിനോപ്പതി, റെറ്റിനൽ വെയിൻ ഒക്ല്യൂഷൻ, റെറ്റിൻ ആർട്ടറി ഒക്ല്യൂഷൻ, ഗ്ലൂക്കോമ ഒപ്റ്റിക് ന്യൂറൈറ്റിസ് തുടങ്ങി നിരവധി രോഗങ്ങളെ പ്രാരംഭ ദിശയിൽത്തന്നെ കണ്ടെത്തി ചികിത്സിക്കുകയും പൂർണ്ണ അന്ധത ബാധിക്കുന്ന അവസ്ഥയിലേക്ക് നയിക്കപ്പെടാതെ രോഗമുക്തി നേടാൻ സാധിക്കുകയും ചെയ്യും.
എല്ലാ തിങ്കൾ , ബുധൻ, ശനി ദിവസങ്ങളിലും 2-ാമത്തേയും , 4-#ാമത്തേയും വാഴാഴ്ചകളിലും പണ്ടപ്പിള്ളി സി. എച്ച്.സി.യിൽ ഈ സേവനം ലഭ്യമാണ്.
ഇതോടൊപ്പം 2 ലക്ഷം രൂപ ചിലവഴിച്ച് കിടപ്പ് രോഗികൾക്കുള്ള രോഗീസൗഹൃദകട്ടിലുകളും സി.എച്ച്.സി.യ്ക്ക് നൽകി. കിടപ്പുരോഗികൾക്കാവശ്യമായ കട്ടിലുകൾ വീടുകളിലേക്ക് കൊടുത്തയക്കുകയും ആവശ്യം കഴിയുമ്പോൾ തിരികെ ആശുപത്രിയിലേക്ക് കൈമാറുകയും ചെയ്യുന്ന പദ്ധതിയാണിത്.
ഫണ്ടസ് ക്യാമറയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബസ്റ്റിൻ ചേറ്റൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ നിർവ്വഹിച്ചു. രോഗിസൗഹൃദ കട്ടിലുകളുടെ വിതരണോദ്ഘാടനം വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ്ജും, സ്ഥിരം സമിതി അദ്ധ്യക്ഷ സാറാമ്മ ജോണും ചേർന്ന് നിർവ്വഹിച്ചു. യോഗത്തിൽ ബ്ലോക്ക് മെമ്പർമാരായ ഷിവാഗോ തോമസ്, ബിനി ഷൈമോൻ, സിബിൾ സാബു, മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ജോർജ്ജ്, ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു.