Thursday, December 26, 2024

Top 5 This Week

Related Posts

നാളെ മുതല്‍ ജീവിത ചെലവേറും; ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വിലകൂടും

ഇന്ധനം, കല്ല്, വാഹനം , മരുന്ന്, എല്ലാം വിലകൂടും

മരുന്നുകള്‍ക്കു വില വര്‍ധിക്കും.

ഹൃദ്രോഗികള്‍ക്കുള്ള മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍ എന്നിവ അടക്കമുള്ള അവശ്യമരുന്നുകളുടെ വില ഏപ്രില്‍ 1 മുതല്‍ 12 ശതമാനത്തോളം ഉയരും. വാര്‍ഷിക മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കി എല്ലാ സാമ്പത്തിക വര്‍ഷാരംഭവും മരുന്നു കമ്പനികള്‍ക്കു വില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ അനുമതിയെ തുടര്‍ന്നാണിത്.
പുതിയ ബാച്ച് മരുന്നുകള്‍ ഇറങ്ങുമ്പോഴാണ് വിലകൂടുക

പെട്രോള്‍, ഡീസല്‍

പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ കൂടും. സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തുന്നതിനാലാണ് വിലയില്‍ 2 രൂപയുടെ വര്‍ധനവ് വരുന്നത്.

ഭൂമിയിടപാട്

ഭൂമിയുടെ ന്യായവിലയില്‍ 20% വര്‍ധന നടപ്പിലാകുന്നതോടെ
ആനുപാതികമായി റജിസ്‌ട്രേഷന്‍ ചെലവും ഉയരും. സെന്റിന് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് നാളെ മുതല്‍ 120000 ആകും. എട്ടുശതമാനം സ്റ്റാംപ് ഡ്യൂട്ടിയും രണ്ടുശതമാനം റജിസ്‌ട്രേഷന്‍ ഫീസും ചേര്‍ത്ത് വിലയുടെ 10 ശതമാനമാണ് എഴുത്തു ചെലവ്. . ന്യായവില ഒരു ലക്ഷമായിരുന്നപ്പോള്‍ 10000 രൂപയായിരുന്നു റജിസ്‌ട്രേഷന്‍ ചെലവ്. ന്യായവില 120000 ആകുന്നതോടെ് 12000 ആയി ഉയരും.
ഫലാറ്റുകള്‍ നിര്‍മിച്ച് 6 മാസത്തിനകം മറ്റൊരാള്‍ക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് 5% എന്നത് 7% ആയി വര്‍ധിക്കും.

കെട്ടിട നികുതിയിലും ഉപനികുതികളിലും 5% വര്‍ധന. പ്രതിമാസ പിഴത്തുക ഒരു ശതമാനത്തില്‍ നിന്നു 2 ശതമാനമായി വര്‍ധിക്കും.

വാഹന നികുതി

സ്വകാര്യ വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി കൂടും. വില 5 ലക്ഷം വരെ: 1% വര്‍ധന. 5 ലക്ഷം മുതല്‍ 15 ലക്ഷം വരെ: 2%. 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ: 1%. 20 ലക്ഷം മുതല്‍ 30 ലക്ഷം വരെ: 1%. 30 ലക്ഷത്തിനു മേല്‍: 1%. ഇങ്ങനെയാണ് വര്‍ധനവ്
2 ലക്ഷം വരെ വിലയുള്ള പുതിയ മോട്ടര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ 2 % വര്‍ധനയുണ്ട്്
പുതിയ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള റോഡ് സുരക്ഷാ സെസ് 50 രൂപയില്‍ നിന്ന് 100 രൂപയാകും. ലൈറ്റ് മോട്ടര്‍ വാഹനങ്ങള്‍ക്ക് 100 രൂപയില്‍ നിന്ന് 200 രൂപ, മീഡിയം മോട്ടര്‍ വാഹനങ്ങള്‍ക്ക് 150 രൂപയില്‍ നിന്നു 300 രൂപ, ഹെവി മോട്ടര്‍ വാഹനങ്ങള്‍ക്ക് 250 രൂപയില്‍ നിന്ന് 500 രൂപ.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആദ്യ 5 വര്‍ഷത്തേക്ക് നല്‍കിയിരുന്ന 50% നികുതി ഇളവ് ഇനിയില്ല.

ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, ടൊയോട്ട, ഔഡി തുടങ്ങി നിരവധി കമ്പനികളുടെ വാഹനങ്ങളുടെ വില കൂടും. മിക്ക കമ്പനികളും 2023 ഏപ്രില്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ധന നടപ്പാക്കും.

കോടതി വ്യവഹാരം

ജുഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാംപുകളുടെ നിരക്ക് വര്‍ധിക്കും. മറ്റു കോടതി വ്യവഹാരങ്ങള്‍ക്കുള്ള കോര്‍ട്ട് ഫീസില്‍ 1 % വര്‍ധന.
മാനനഷ്ടം, സിവില്‍, നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ 1 % ആകും.

ക്വാറി ഉല്‍പന്നങ്ങള്‍ വില കൂടും

കരിങ്കല്ല്, മണ്ണ്, ചെങ്കല്ല് തുടങ്ങിയവയുടെ റോയല്‍റ്റിയും മറ്റു നിരക്കുകളും കൂടും.

മദ്യം

500 രൂപ മുതല്‍ 999 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ ഒരു കുപ്പിക്ക് 20 രൂപയും 1000 രൂപയിലേറെ വിലയുള്ള മദ്യത്തിന് 40 രൂപയും കൂടും.

സ്വര്‍ണത്തിന് ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍

എച്ച്യുഐഡി (ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍) മുദ്രയുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമേ ജ്വല്ലറികള്‍ക്ക് നാളെ മുതല്‍ വില്‍ക്കാനാവൂ. പഴയ 4 മുദ്ര ഹാള്‍മാര്‍ക്കിങ് ഉള്ള ആഭരണങ്ങളുടെ വില്‍പന അനുവദിക്കില്ല. പഴയതു മാറ്റിയെടുക്കുന്നതിനു തടസ്സമില്ല. അതേസമയം, ഉപഭോക്താക്കള്‍ക്ക് ഹാള്‍മാര്‍ക്ക് ഇല്ലാത്ത പഴയ ആഭരണങ്ങള്‍ വില്‍ക്കുന്നതില്‍ തടസമൊന്നുമില്ല. ഇക്കാര്യത്തില്‍ ഇടുക്കി ജില്ലയക്ക് ഇളവുണ്ട്്്.

വോലറ്റിന് ചാര്‍ജ്

ഡിജിറ്റല്‍ വോലറ്റുകളില്‍ നിന്നുള്ള 2,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 1.1% ഇന്റര്‍ചേഞ്ച്. ഇത് ഉപയോക്താവില്‍ നിന്നല്ല ഈടാക്കുന്നത്. യുപിഐ സംവിധാനം ഉപയോഗിച്ച് ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് നടത്തുന്ന സാധാരണ ഇടപാടുകള്‍ക്ക് ഒരു ചാര്‍ജും ഈടാക്കില്ല.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles