‘പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം വീണ്ടെടുക്കാനാവാത്തവിധം നശിപ്പിച്ചെന്ന് റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു.
മുഹമ്മദ് എന്നാണോ പേര്’ എന്ന് ചോദിച്ച് ബിജെപി പ്രാദേശിക നേതാവിന്റെ ക്രൂര മര്‍ദനത്തിന് ഇരയായ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബ്. രാജ്യത്ത് വിദ്വേഷം വിതച്ച് വര്‍ഗീയ ആക്രമണങ്ങള്‍ അരങ്ങേറുമ്പോള്‍ മൗനം പാലിച്ചതിന്റെ ഫലമാണ് ഇത്തരം കൊലകളെന്നായിരുന്നു റാണയുടെ വിമര്‍ശനം.
‘ഭാരതത്തിന് മഹത്വം കൊണ്ടുവന്നു എന്ന് അവകാശപ്പെടുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം വീണ്ടെടുക്കാനാവാത്തവിധം നശിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും മോശമായ ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ അദ്ദേഹത്തിന്റെ മൗനം ലോകത്തിന്റെ രോഷം ഉളവാക്കില്ലേ? ലോക നേതാക്കന്മാര്‍ക്ക് ഇത്രയും മതിയാവില്ലേ?. ബിജെപി പ്രാദേശിക നേതാവ് വയോധികനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ എന്‍ഡിടിവി വാര്‍ത്ത പോസ്റ്റ് ചെയ്ത് കൊണ്ട് റാണാ അയ്യൂബ് ചോദിച്ചു.
ഭന്‍വര്‍ലാല്‍ ജെയിന്‍ എന്ന വൃദ്ധനെയാണ് നീമുച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിജെപിയുടെ മുന്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അംഗത്തിന്റെ ഭര്‍ത്താവായ ദിനേശ് കുശ്‌വാഹ എന്നയാളാണ് വൃദ്ധനെ മര്‍ദിച്ചതെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം നീമുച്ച് ജില്ലയിലെ റോഡരികിലാണ് ഭന്‍വര്‍ലാല്‍ ജെയിന്റെ മൃതദേഹം കണ്ടെത്തിയത്.
ഭന്‍വര്‍ലാല്‍ ജെയിനെ ഒരാള്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ കുടുംബാംഗങ്ങള്‍ കണ്ടത്. ‘പേരെന്താണ്? മുഹമ്മദ്? ആധാര്‍ കാര്‍ഡ് കാണിക്കൂ’ എന്ന് ചോദിച്ചുകൊണ്ട് തലയിലും മുഖത്തും അടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.