സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന പേരില്‍ തൃക്കാക്കരയില്‍ തങ്ങി മന്ത്രിമാര്‍ വര്‍ഗീയ പ്രചരണം നടത്തുന്നു
കേരളത്തിലെ ജനിച്ച് വീഴുന്ന ഓരോ കുഞ്ഞിനെയും 1.34 ലക്ഷം രൂപയുടെ കടക്കാരനാക്കിയിരിക്കുകയാണ് പിണറായി ഭരണം
കൊച്ചി: തൃക്കാക്കരയില്‍ തങ്ങി സോഷ്യല്‍ എഞ്ചിനിയറിംഗ് എന്ന ഓമനപ്പേരില്‍ മന്ത്രിമാര്‍ വര്‍ഗീയ പ്രചരണം നടത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനങ്ങളുടെ നെഞ്ചത്ത് കുറ്റിയടിക്കലുമായി സര്‍ക്കാര്‍ വീണ്ടുമിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ജനകീയനായിരുന്ന പിടി തോമസിന്റെ മരണത്തെ സൗഭാഗ്യമായി കാണുന്നുയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തരംതാഴ്ന്നതാണ്. തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാര്‍ ജാതി തിരിച്ചും മതം നോക്കിയും ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ അനാവശ്യ വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരെയാണ് കെ.റെയില്‍ കല്ലിലടല്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കല്ലിടലുമായി വീണ്ടുമിറങ്ങും.
പാലാരിവട്ടം പാലം ഒരുകാലത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപോയോഗിച്ച സി.പി.എം കോഴിക്കോട് തകര്‍ന്ന വീണ കുളിമാട് പാലത്തിന്ഖെ കാര്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. പാലം തകര്‍ന്നതിന്റെ പേരില്‍ പൊതുമാരമത്ത് മന്ത്രിക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി എന്തുകൊണ്ട് തയ്യാറാകുന്നില്ല. മരുമകനെതിരെ കേസെയുക്കാന്‍ മുഖ്യമന്ത്രിക്ക് മടിയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
ജനിച്ച് വീഴുന്ന ഓരോ കുഞ്ഞിനെയും 1.34 ലക്ഷം രൂപയുടെ കടക്കാരനാക്കിയിരിക്കുകയാണ് പിണറായി ഭരണം. കേരളം ശ്രീലങ്കയെക്കാള്‍ ഭയാനകമായ കടക്കെണിയിലേക്കാണ് കൂപ്പുകുത്തും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും കിറ്റും മുടങ്ങി. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും കടമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം.കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം ഇറക്കാന്‍ താന്‍ പ്രതിപക്ഷ നേതാവ് ആയിരുന്ന കാലത്ത് വിഡി സതീശന് ചെയര്‍മാനായി ഒരു കമ്മിറ്റി നിയോഗിക്കുകയും ആ കമ്മിറ്റി കേരളം നേരിടാന്‍ പോകുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഭരണ സംവിധാനത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും ദുര്‍വിനിയോഗം ചെയ്യുന്നു. വര്‍ഗീയ ശക്തികള്‍ക്ക് പരസ്പരം കൊല്ലാനുള്ള ലൈസന്‍സ് നല്കുന്ന ഭരണമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്നത്. പോലീസ് സംവിധാനം നിഷ്ക്രിയമാണ്. സിപിഎം നേതാക്കളാണ് പോലീസിനെ ഭരിക്കുന്നത്. ഇതടക്കമുള്ള സര്‍ക്കാരിന്റെ ജനവിരുദ്ധതയ്ക്കെതിരായ വിധിയെഴുത്താകും തൃക്കാക്കരിയിലേത്.
ഒരിക്കലും നടക്കില്ലെന്ന് സിപിഎമ്മിന് ബോധ്യമുള്ള കെ.റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് വികസനവിരുദ്ധരെന്ന ചീത്തപ്പേര് മാറ്റിയെടുക്കാനാണ്. എല്ലാകാലത്തും വികസന വിരുദ്ധനയങ്ങളാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. ഒന്നാം വര്‍ഷികം ആഘോഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. കൊച്ചിയില്‍ കൊട്ടിഘോഷിച്ച് ആഗോള നിക്ഷേപ സംഗമം അസെന്‍ഡ് സംഘടിപ്പിച്ചു.അത് വെറും പാഴ് വേലയായിമാറി. ഒരു രൂപയുടെ വികസനവും ഉണ്ടായില്ല. കഴിഞ്ഞ ആറുവര്‍ഷം കൊണ്ട് എന്ത് നിക്ഷേപമാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.
കെപിസിസി പ്രസിഡന്റിനെതിരെ കേസെടുത്ത സംഭവം നിര്‍ഭാഗ്യകരമാണ്. മലയാള ഭാഷക്ക് പുതിയ അധിക്ഷേപ ശബ്ദതാരാവലി സംഭാവന ചെയ്ത വ്യക്തിയാണ് മുഖ്യമന്ത്രി. ബിഷപ്പിനെ മുതല്‍ പത്രക്കാരെ വരെ അദ്ദേഹം അധിക്ഷേപിച്ചിട്ടുണ്ട്. തൃക്കാക്കരയില്‍ യുഡിഎഫ് ഒറ്റക്കെട്ടാണ്. തിളക്കമാര്‍ന്ന വിജയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനുണ്ടാകും. എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെയാണ് യുഡിഎഫ് കാണുന്നത്.സാമുദായിക നേതാക്കളെയും മതമേലധ്യക്ഷന്മാരെയും അധിക്ഷേപിച്ചത് സിപിഎമ്മാണ്. അതേ സിപിഎമ്മാണ് ഇപ്പോള്‍ അവരുടെ മേടകളില്‍ കയറിയിറങ്ങുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഹൈബി ഈഡന് എംപി, ടി.ജെ.വിനോദ് എംഎല്‍എ,ഡി.സി.സി പ്രസിഡന്റ് മുഹമ്മദ്ദ് ഷിയാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.