അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിൽ കോൺഗ്രസും സിപിഎമ്മും സഖ്യത്തിനു നീക്കം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഞായറാഴ്ച ത്രിപുരയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് അജോയ് കുമാറുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. സീറ്റ് ധാരണക്കായി ഇരുപാർട്ടി നേതാക്കളും ഉൾപ്പെട്ട കോർ കമ്മിറ്റി രൂപീകരിക്കുമെന്നാണ് വിവരം.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഗർത്തലയിൽ ചേരുന്ന സിപിഎമ്മിന്റെ ത്രിപുര സംസ്ഥാന കമ്മിറ്റി യോഗം സഖ്യത്തിന് അന്തിമ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ടിപ്ര മോത പാർട്ടിയുടെ ചെയർപേഴ്‌സൺ പ്രദ്യോത് മാണിക്യ ദേബ്ബർമൻ ആദിവാസി മേഖലകളിൽ തെരഞ്ഞെടുപ്പ് ധാരണയ്ക്കായി കോൺഗ്രസ് നേതൃത്വവുമായി ചർച്ചകളും പുരോഗമിക്കുകയാണ്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയുമായാണ് പ്രദ്യോത് മാണിക്യ ദേബ്ബർമൻ ചർച്ച നടത്തുന്നത്.
ത്രിപുരയിൽ കോൺഗ്രസ്- സിപിഎം ധാരണ വിജയകരമായാൽ ബിജെപിയെ അട്ടിമറിക്കാനാവുമെന്നാണ് ഇരു പാർട്ടിനേതൃത്വവും വിലയിരുത്തുന്നത്.