തൃക്കാക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉമ തോമസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കെ.പി.സി.സിയുടെ തീരുമാനം ഹൈക്കമാന്‍റ് അംഗീകരിക്കുകയായിരുന്നു. ഉമ തോമസ് തന്നെയായിരിക്കും യു.ഡി.എപ് സ്ഥാനാർഥിയെന്നു നേരത്തെതന്നെ കോൺഗ്രസ് നേതാക്കൾ സൂചന നൽകിയിരുന്നു.
യു.ഡി.എഫിന്റെ ശക്തി കേന്ദ്രമായ ഇവിടെ സഹതാപ തരംഗം കൂടി വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ഉമയെതന്നെ സ്ഥാനാർഥിയാക്കിയത്. തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ ഭൂരിപക്ഷം പേരുടെ പിന്തുണ ഉറപ്പിച്ച നേതൃത്വം ഉച്ചയ്ക്ക് ശേഷം മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പൊതുധാരണയിലെത്തിയതോടെ ഉമാ തോമസിന്റെ പേര് ഹൈക്കമാൻഡിന് നൽകുകയായിരുന്നു.
പി.ടി. തോമസിന്‍റെ നിലപാടുകൾക്കുള്ള അംഗീകാരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തന്‍റെ സ്ഥാനാർഥിത്വമെന്ന് ഉമ തോമസ് പ്രതികരിച്ചു. പി.ടി. തോമസിന്റെ പാത പിന്തുടരുമെന്നും ഉമ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
എതിരാളി ആരായാലും രാഷ്ട്രീയമായി തന്നെ നേരിടും. കോൺഗ്രസിലെ ചില എതിർ ശബ്ദങ്ങളെ സൂചിപ്പിച്ച് ഡൊമിനിക് പ്രസന്‍റേഷൻ പി.ടി. തോമസിന്‍റെ ഏറ്റവുമടുത്ത സുഹൃത്താണ്. അദ്ദേഹത്തിന് ഒരിക്കലും തന്നെ തള്ളിപ്പറയാനാകില്ലെന്നും സ്ഥാനാർഥിത്വത്തിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ല. ഉമ പറഞ്ഞു.
കെ.വി. തോമസും എതിര് നിൽക്കുമെന്ന് കരുതുന്നില്ല. പി.ടി. തോമസിനെ ഹൃദയത്തിലേറ്റിയവരാണ് തൃക്കാക്കരയിലെ ജനങ്ങൾ. അദ്ദേഹത്തിനായി ഒരു വോട്ട് ജനങ്ങൾ എനിക്ക് തരാതിരിക്കില്ല. എൽ.ഡി.എഫിനെ 99 സീറ്റിൽ തന്നെ ഒതുക്കി നിർത്താനാകുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
84 ൽ മഹാരാജാസിൽ കെഎസ് യു വിന്റെ പാനലിൽ കോളേജ് യൂണിയൻ വൈസ് ചെയർമാനായിരുന്നു ഉമതോമസ്. പി.ടി. തോമസ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് അദ്ദേഹത്തിന്റെ ഭാര്യയായത്. പ്രണയവിവാഹമായിരുന്നു.