അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ ആരോപണം പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു. കണക്കുകളിൽ 85 ശതമാനവും കൃത്രിമമാണെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ട് ചൂണ്ടികാണിച്ചത്. പെരുപ്പിച്ചുവച്ച തുകയിലാണ് ഓഹരികളുടെ വ്യാപാരം എ്ന്നത് നിക്ഷേപകരെ ഞെട്ടിക്കുന്നതാണ്. പിന്നാലെ അദാനി ഓഹരികളിൽ വൻ ഇടിവുണ്ടായി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളുടെയും കൂടി മൂല്യത്തിൽ ഒറ്റദിനംകൊണ്ട് ഏതാണ്ട് 90,000 കോടി രൂപയുടെ കുറവുണ്ടായി. അദാനി എന്റർപ്രൈസസ് ഓഹരിവില 1.54 ശതമാനം ഇടിഞ്ഞു. അദാനി ഗ്രീൻ, അദാനി പോർട്‌സ്, അദാനി പവർ, ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി വിൽമാർ എന്നിവയുടെ ഓഹരികളും 5 മുതൽ 9 ശതമാനം വരെ ഇടിഞ്ഞു.
അദാനി അടുത്തകാലത്ത് ഏറ്റെടുത്ത എസിസി, അംബുജ സിമന്റ്, എൻഡിടിവി എന്നിവയുടെ ഓഹരിവിലയും യഥാക്രമം 7.2%, 7.7%, 4.98% എന്നിങ്ങനെ ഇടിഞ്ഞു. അദാനി എന്റർപ്രൈസസ് ഫോളോ ഓൺ പബ്ലിക് ഇഷ്യു(എഫ്പിഒ)വഴി 20,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഗുരുതര ആരോപണം. 12000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും 2 വർഷമെടുത്തു തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് പറയുന്നു.
ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് ആസൂത്രിതവും അടിസ്ഥാനരഹിതവും ആണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചത്.