തൊടുപുഴ: ദിനംപ്രതി നൂറ് കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ഓ.പി ടിക്കറ്റുകള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതി. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ഈ തട്ടിപ്പിനായി ആശുപത്രികള്‍ കേന്ദ്രീകരിച്ച് വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായാണ് സൂചന.വ്യാജ പേരില്‍ ഓ.പി ടിക്കറ്റെടുത്ത ശേഷം മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങാനെത്തിയ ആളെ കൈയ്യോടെ പിടികൂടിയെങ്കിലും ബലപ്രയോഗത്തിലൂടെ ഇയ്യാള്‍ ആശുപത്രി ജീവനക്കാരെ വെട്ടിച്ച് രക്ഷപെട്ടു. കഴിഞ്ഞ ഡിസംബറിലാണ് ഏതാനും ചിലര്‍ ഇത്തരത്തില്‍ വ്യാജമായി മരുന്ന് കരസ്ഥമാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.ഉടന്‍ തന്നെ തൊടുപുഴയിലെ പോലീസിനെ വിവരമറിയിക്കുകയും പിന്നീട് രേഖാ മൂലം പരാതി നല്‍കുകയും ചെയ്തെങ്കിലും ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല.
തട്ടിപ്പ് തിരക്കേറിയ സമയങ്ങളില്‍
ഓ.പിയില്‍ നിറയെ രോഗികള്‍ ക്യൂവില്‍ നില്‍ക്കുമ്പോഴാണ് സംഘം തട്ടിപ്പിനെത്തുന്നത്. ഇവര്‍ വ്യാജ പേരില്‍ കൗണ്ടറില്‍ നിന്നും ഓ.പി ടിക്കറ്റ് കരസ്ഥമാക്കും.തുടര്‍ന്ന് ഡോക്ടര്‍മാരെ കാണാനെന്ന വ്യാജേന രോഗികള്‍ ഇരിക്കുന്ന ഭാഗത്തേക്ക് മാറിയ ശേഷം ഇവിടെ നിന്നും മുങ്ങും.പിന്നീട് ഇതേ ഓ.പി ടിക്കറ്റില്‍ ഇവര്‍ തന്നെ ചില മരുന്നുകള്‍ എഴുതിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇതുമായി മെഡിക്കല്‍ സ്റ്റോറുകളിലെത്തി പണം അടച്ച് മരുന്ന് കരസ്ഥമാക്കിയാണ് ഇവര്‍ മടങ്ങുക.
തട്ടിപ്പുകാരെ കൈയ്യോടെ കണ്ടെത്തി
ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള പോലീസ് നീതി മെഡിക്കല്‍ സ്റ്റോറില്‍ കഴിഞ്ഞ ദിവസം സമാന രീതിയില്‍ ഓ.പി ടിക്കറ്റുമായി എത്തിയയാള്‍ക്ക് വേണ്ടത് ഇഞ്ചക്ഷനുള്ള മരുന്നായിരുന്നു.എന്നാല്‍ 20 ഡോസ് ഇഞ്ചക്ഷന്‍ എന്ന് എഴുതിയിരിക്കുന്നത് കണ്ട ഫാര്‍മസിസ്റ്റിന് സംശയം തോന്നി. ചോദ്യം ചെയ്തപ്പോള്‍ ടിക്കറ്റുപേക്ഷിച്ച് ആള്‍ ഓടി രക്ഷപെട്ടു.ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് വ്യക്തമായത്.
തട്ടിപ്പ് പല രീതിയില്‍
പല രീതിയിലും ഇത്തരത്തില്‍ ഓ.പി ടിക്കറ്റ് കരസ്ഥമാക്കി മരുന്ന് വാങ്ങുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലാത്തയാള്‍ ആശുപത്രി ജീവനക്കാരിയെക്കൊണ്ടും കഴിഞ്ഞ ദിവസം മുരുന്ന് കുറിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിന് പുറമേ രോഗിക്ക് കൂട്ടിരിപ്പിനായെത്തിയ യുവാവിനെക്കൊണ്ട് മരുന്നെഴുതിക്കുന്നത് ആശുപത്രി അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതോടൊപ്പം മറ്റ് രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ കുറിക്കുന്ന ഓ.പി ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് എത്തിച്ച് മരുന്ന് വാങ്ങാനുള്ള ശ്രമം നടത്തിയിരുന്നു.
മരുന്ന് കരസ്ഥമാക്കലില്‍ ദുരൂഹത
ഇത്തരത്തില്‍ മരുന്ന് കരസ്ഥമാക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ലഹരിക്കായോ ലഹരിയോടൊപ്പം ഉപയോഗിക്കുന്നതിനായോ ആണ് ഇത്തരത്തില്‍ മരുന്ന് ശേഖരിക്കുന്നതെന്നാണ് സംശയം. ലഹരിക്കായി മരുന്ന് ഉപയോഗിക്കുന്നവരില്‍ നിന്നോ മുന്‍ അനുഭവങ്ങളില്‍ നിന്നോ ആവാം തട്ടിപ്പ് സംഘം ആശുപത്രി കേന്ദ്രീകരിച്ച് ഇത്തരത്തില്‍ ശ്രമം നടത്തുന്നതെന്നാണ് വിലയിരുത്തല്‍.
തട്ടിപ്പ് വ്യാപകമെന്ന് സൂചന
വ്യാജമായി മരുന്ന് വാങ്ങാനെത്തിയ സംഘം ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ സംഘത്തെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതര്‍. ജില്ലയിലെ മറ്റ് സ്ഥലങ്ങളിലുള്ള ആശുപത്രികളും മെഡിക്കല്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ തട്ടിപ്പ് വ്യാപകമായതായാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്