കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായ് കൈകോര്‍ത്ത് സര്‍വീസുകള്‍ നിലവില്‍ ഇല്ലാത്ത ബസ് റൂട്ടുകളില്‍ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന ‘ഗ്രാമ വണ്ടി’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചാണ് ജില്ലയില്‍ ഗ്രാമ വണ്ടി പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (വെളളി) രാവിലെ 10.30 ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മാനന്തവാടിയില്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും.
ബസ്സിന്റെ ഡീസല്‍ ചിലവ് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച് അവര്‍ നിശ്ചയിക്കുന്ന റൂട്ടുകളും സമയക്രമവും അനുസരിച്ച് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തുന്ന ഗ്രാമവണ്ടി പദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടി കൈകോര്‍ക്കുന്നതിലൂടെ യാത്രാക്ലേശം പരിഹരിക്കാനുള്ള മാര്‍ഗമാണ് തെളിയുന്നത്. ജില്ലയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലാണ് ആദ്യമായി ഗ്രാമവണ്ടി പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ യാത്രാക്ലേശം രൂക്ഷമായ സ്ഥലങ്ങളിലേക്കായിരിക്കും ഗ്രാമവണ്ടി ആദ്യം ഓടുക. നിലവില്‍ വാഹന സൗകര്യം കുറവുള്ള റൂട്ടുകളായ നല്ലൂര്‍നാട് ജില്ലാ ക്യാന്‍സര്‍ സെന്റര്‍, കാരക്കുനി യൂണിവേഴ്സിറ്റി ക്യാമ്പസും, ബി.എഡ് സെന്റര്‍ എന്നിവയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് മുന്‍ഗണന നല്‍കും.