ജിഗ്നേഷ് മേവാനിക്ക്് വിജയത്തിളക്കം
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻപരാജയം ഏറ്റുവാങ്ങിയെങ്കിലും നരേന്ദ്ര മോദിക്കെതിരായ പോരാട്ടത്തിലെ ദളിത്- പന്നാക്ക വിഭാഗത്തിന്റെ പോരാളിയും കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമായ ജിഗ്‌നേഷ് മേവാനി വഡ്ഗാം മണ്ഡലത്തിൽനിന്ന് തുടർച്ചയായ രണ്ടാം തവണയും വിജയിച്ചു. കടുത്ത മത്സരത്തിൽ 85,126 വോട്ടുകളാണ് മേവാനി നേടിയത്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി സ്ഥാനാർഥി മിനിഭായ് ജിതാഭായ് വഗേല 82,382 വോട്ടുകൾ നേടി. 2017 ലെ തിരഞ്ഞെടുപ്പിലും തുടർന്നു ബിജെപിക്കെതിരെ പോരാട്ടത്തിൽ അണ്ിനിരന്ന ഹാർദിക് പട്ടേലും അല്‌പേഷ് ഠാക്കൂറും കളം മാറിയെങ്കിലും നിലപാടിലുറച്ചുനിന്ന ജിഗ്നേഷിന്റെ വിജയം തിളക്കമേറിയതാണ്
2017-ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര എം.എൽ.എ ആയാണ് മേവാനി വഡ്ഗാമിൽനിന്ന് വിജയിച്ചത്. അന്ന് മേവാനിക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് ഇവിടെ സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിച്ചിരുന്നില്ല. ദലിതരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന രാഷ്ട്രീയ ദലിത് അധികാർ മഞ്ചിന്റെ കൺവീനർ കൂടിയാണ് മേവാനി.
മുസ്ലിം – പിന്നാക്ക വോട്ടുകൾ നിർണായകമായ മണ്ഡലമാണ് വഡ്ഗാം. എസ്.സി സംവരണ മണ്ഡലമായ വഡ്ഗാമിൽ മുസ്ലിം വോട്ടുകൾ നിർണായകമാണ്. ആകെയുള്ള 2.94 ലക്ഷം വോട്ടർമാരിൽ 90,000 പേരും മുസ്ലിംകളാണ്. 44,000 വോട്ടർമാർ ദലിത് സമുദായത്തിൽനിന്നുള്ളവരും 15,000 വോട്ടർമാർ രജ്പുത് സമുദായക്കാരുമാണ്. ബാക്കിയുള്ളവർ ഭൂരിഭാഗവും പിന്നാക്ക വിഭാഗക്കാരാണ്.
പ്രക്ഷോഭങ്ങളിലും സമരങ്ങളിലും പങ്കാളിയായതുമായി ബന്ധപ്പെട്ട് 10 ക്രിമിനൽകേസാണ് മേവാനിക്കെതിരെ ചുമത്തിയിട്ടുള്ളത്.