Friday, November 1, 2024

Top 5 This Week

Related Posts

ജപ്തി നടപടി ആർ.എസ്.എസ്. ആസ്ഥാനത്ത് തയ്യാറാക്കിയ പട്ടിക പ്രകാരമെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: ആർ.എസ്.എസ് ആസ്ഥാനത്ത് തയാറാക്കിയ പട്ടികയാണ് ജപ്തി നടപടിക്കായി കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഉപയോഗപ്പെടുത്തുന്നതെന്നു എസ്.ഡി.പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ആരോപിച്ചു. ‘അന്യായ ജപ്തി: ഇടതുസർക്കാരിന്റെ ബുൾഡോസർ രാജ്’ എന്ന മുദ്രാവാക്യമുയർത്തി എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റിനു മുമ്പിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജപ്തി ചെയ്യപ്പെടേണ്ടവരുടെ പട്ടിക സംബന്ധിച്ച് റവന്യൂ വകുപ്പ് അജ്ഞത നടിക്കുകയാണ്.
് അന്യായ ജപ്തിയിലൂടെ ഇടതുസർക്കാർ പക്ഷപാതിത്വം കാണിക്കുന്നു.
സംസ്ഥാനത്ത് നടക്കുന്നത് വംശീയമായ കുടിയിറക്കലാണ്. കോടതി ഉത്തരവിന്റെ മറപിടിച്ച് രഹസ്യ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഹർത്താലിനും മാസങ്ങൾക്കുമുമ്പ് ആർ.എസ്.എസുകാർ കൊലചെയ്ത പാലക്കാട് മുഹമ്മദ് സുബൈറിന്റെ കുടുംബത്തിനും ജപ്തി നടപടി നേരിടേണ്ടി വന്നത് യാദൃശ്ചികമല്ല.
രാഷ്ട്രീയ പോർവിളിയുടെ പേരിൽ നിയമസഭയുടെ അകത്തളത്തിൽ പോലും അക്രമവും നാശനഷ്ടവും വരുത്തിയവരാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നത്. സാധാരണക്കാർ അഭിമുഖീകരിക്കുന്ന സാമൂഹികവും സുരക്ഷാപരവുമായ പ്രശ്നങ്ങളിൽ ജനാധിപത്യപരമായും മാനുഷികവുമായ നിലപാട് സ്വീകരിക്കാൻ ഇടതു സർക്കാരിന് നാളിതുവരെ സാധിച്ചിട്ടില്ല. പരസ്യമായ വിവേചനമാണ് സംസ്ഥാനത്ത് നടക്കുന്നത്.

കേരളത്തിലെ ജനങ്ങൾ നിരാകരിച്ച സംഘപരിവാര ഫാഷിസത്തിന് വളക്കൂറുള്ള മണ്ണൊരുക്കുന്ന പണിയാണ് ഇടതുപക്ഷം ചെയ്യുന്നത്. യു.പിയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമുൾപ്പെടെ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ ഇടിച്ചുനിരത്തി വംശീയമായി കുടിയിറക്കുന്ന ഫാഷിസ്റ്റ് ഭീകര താണ്ഡവത്തിന് സമാനമാണ് കോടതി ഉത്തരവിന്റെ മറവിൽ നടത്തുന്ന കുടിയിറക്കൽ. നീതി നിഷേധത്തിനെതിരേ കേരളം നിശബ്ദമാകുമെന്ന വ്യാമോഹം ഇടതു സർക്കാരിന് വേണ്ടെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി വ്യക്തമാക്കി.

ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ അഷറഫ്പ്രാവചമ്പലം, എൽ നസീമ, ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദ്, ജില്ലാ സെക്രട്ടറിമാരായ അജയൻ വിതുര, സിയാദ് തൊളിക്കോട്, ഇർഷാദ് കന്യാകുളങ്ങര സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles