തൊടുപുഴ: ജനദ്രോഹ നികുതികള്‍ക്കെതിരെയും പെട്രോള്‍ ഡീസല്‍ സെസ്സിനെതിരെയും യു. ഡി. എഫ് നടത്തുന്ന തുടര്‍ സമരത്തിന്റെ ഭാഗമായാണ് തൊടുപുഴ സിവില്‍ സ്റ്റേഷനു മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്.
കേരളാ കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ പി.ജെ.ജോസഫ്.എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.കേരള ചരിത്രത്തില്‍ ഇത്രയും ജനദ്രോഹകരമായ ബഡ്ജറ്റ് മുമ്പ് ഒരു സര്‍ക്കാരും അവതരിപ്പിച്ചിട്ടില്ലന്നും ജനജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണമായിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണമില്ലാതെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്.
കാര്‍ഷിക മേഖലയെ ബജറ്റ് പൂര്‍ണ്ണമായും അവഗണിച്ചു. കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന രീതിയില്‍ തറവില നിശ്ചയിക്കുന്നതിനും സംഭരണം ഉറപ്പാക്കുന്നതിനും യാതൊരു നടപടിയുമില്ല. ജനങ്ങളുടെമേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ജനവികാരം ഉള്‍ക്കൊണ്ട് തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കും വരെ യു.ഡി.എഫ് പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.പെട്രോളിന്റെയും ഡീസലിന്റെയും വില ബഡ്ജറ്റില്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചപ്പോള്‍ 2 രൂപ സെസ്സ് ഏര്‍പ്പെടുത്തിയ പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ശത്രുപക്ഷത്താണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡി.സി.സി.പ്രസിഡന്റ് സി.പി.മാത്യു പറഞ്ഞു.
സി.എ.ജി.പറഞ്ഞിട്ടുള്ള പിരിച്ചെടുക്കാനുള്ള നികുതി 7000 കോടി പിരിച്ചെടുക്കാതെ 4000 കോടിയുടെ അധികബാധ്യത കേരള ജനതയുടെ തലയില്‍ വച്ച പിണറായി സര്‍ക്കാര്‍ തെറ്റുതിരുത്തുന്നതു വരെ സമരം തുടരുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അശോകന്‍ പറഞ്ഞു.
യു.ഡി.എഫ്.ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്.ജില്ലാ കണ്‍വീനര്‍ പ്രൊഫ.എം.ജെ.ജേക്കബ്ബ് സ്വാഗതം പറഞ്ഞു. എ.ഐ.സി.സി.അംഗം ഇ.എം.ആഗസ്തി, കെ പി സി സി മുന്‍ ജന.സെക്രട്ടറി റോയി.കെ.പൗലോസ്, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എം എ ഷുക്കൂര്‍, ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, അഡ്വ.ജോയി തോമസ്, ഇബ്രാഹിം കുട്ടി കല്ലാര്‍ , സുരേഷ് ബാബു, റ്റി.വി.പാപ്പു, മാര്‍ട്ടിന്‍ മാണി, കെ.എ.കുര്യന്‍, ജോസഫ് ജോണ്‍, എം. കെ പുരുഷോത്തമന്‍, നിഷ സോമന്‍, രാജു തോമസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.