വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ മുസ്ലിംകൾക്ക് വുദു (അംഗസ്നാനം) നടത്തുന്നതിന് അനുമതി. ഇതിനുവേണ്ട സംവിധാനമുണ്ടാക്കാൻ വാരാണസി ജില്ല കലക്ടർക്ക് സുപ്രീം കോടതി നിർദേശം നല്കി. പള്ളി പരിപാലകരായ അൻജുമൻ ഇൻതസാമിയ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി. പള്ളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഭൂമിയുടെ സർവേക്ക് ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനാണ് വുദു എടുക്കുന്ന കുളത്തിൽ ശിവലിംഗം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തത്. തുടർന്ന് കുളം സീൽ ചെയ്യാൻ വാരാണസി കോടതി ഉത്തരവിടുകയായിരുന്നു.
റമദാനിൽ ഗ്യാൻവാപി പള്ളിയിൽ വുദുചെയ്യാൻ അനുമതി തേടിയാണ് പരിപാലന സമിതി സുപ്രിം കോടതിയെസമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എൻ. നരസിംഹ, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച ഹർജി പരിഗണിച്ചത്.
പള്ളിയിലെ വുദുഘാന(അംഗസ്നാന കുളം)യിൽ ശിവലിംഗം കണ്ടുവെന്ന, അഭിഭാഷക സമിതിയുടെ വിവാദമായ ‘കണ്ടെത്തലി’നെ തുടർന്ന് ഈ ഭാഗം അടച്ചിട്ടിരുന്നു. ചൊവ്വാഴ്ച യോഗം ചേർന്ന് തീരുമാനമെടുക്കാമെന്ന് ഉത്തർപ്രദേശ് സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.