Tuesday, January 7, 2025

Top 5 This Week

Related Posts

ഗണേഷ് കുമാർ മന്ത്രിയാവുന്നതിൽ ഇടതുമുന്നണിയിൽ മുറുമുറുപ്പ് .

തിരുവനന്തപുരം : കെ. ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിനെതിരെ ഇടതുമുന്നണിയിൽ മുറുമുറുപ്പ് ശക്തമാവുന്നു. മുന്നണി മര്യാദയുടെ പേരിലാണെങ്കിലും ഗണേഷ് കുമാറിന്റെ ഇപ്പോഴത്തെ ഇമേജ് മുന്നണിക്ക് തലവേദനയാവുമെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. മന്ത്രിയായാൽ പല ഭാഗങ്ങളിൽ നിന്നും ഗണേഷിനെതിരെ ആരോപണങ്ങൾ ശക്തമായി വന്നേക്കുമെന്നാണ് ഇടതുമുന്നണിയിലെ സി.പി ഐ, മാണി കോൺഗ്രസ്സ് എന്നിവരടക്കം ചൂണ്ടികാണിക്കുന്നത്. സത്യപ്രതിജ്ഞ കഴിഞ്ഞാൽ അടുത്ത മണിക്കൂറിൽ ചില ബോംബുകളുമായി പ്രതിപക്ഷവും കാത്തിരിക്കുകയാണ്. സരിതയുടെ വെളിപ്പെടുത്തലിൽ കഴമ്പുണ്ടെന്ന കാര്യത്തിൽ മുന്നണിയിൽ തർക്കമില്ല. ഉമ്മൻ ചാണ്ടിക്കെതിരെ ഗണേഷ് കുമാർ നടത്തിയ നീക്കങ്ങൾക്ക് പകരം വീട്ടാൻ പ്രതിപക്ഷം കാത്തിരിക്കുകയാണ്. നിലവിൽ ഒട്ടെറെ ആരോപണങ്ങൾക്ക് നടുവിൽ നിൽക്കുന്ന ഒരാളെ മന്ത്രിയാക്കിയാൽ അത് മുന്നണിക്ക് കടുത്ത തലവേദനയാവുമെന്നാണ് പല മുതിർന്ന നേതാക്കളും ചൂണ്ടികാണിക്കുന്നത്.
മുൻ ധാരണയനുസരിച്ച് കടന്നപ്പള്ളിയെയും ഗണേഷ് കുമാറിനെയും രണ്ടര വർഷം കഴിഞ്ഞാൽ മന്ത്രിയാക്കാമെന്ന് ഇടതുമുന്നണി ഉറപ്പ് നൽകിയതാണ്. എന്നാൽ അതിനു ശേഷം ഉണ്ടായ പല സംഭവങ്ങളും നിലവിൽ ഗണേഷ് കുമാറിന് തലവേദനയുണ്ടാക്കുന്നതാണ്.
പ്രതിപക്ഷവും മാധ്യമങ്ങളും നിലവിൽ സർക്കാരിന്റെ പല കാര്യങ്ങളിലും ശക്തമായി പ്രതികരിച്ചു വരികയാണ്. ഇതിനിടയിൽ ഗണേഷ് കുമാർ മന്ത്രിയായാൽ പല വെളിപ്പെടുത്തലുകളും വിവാദങ്ങളും ശക്തമാറുമെന്ന കാര്യത്തിൽ തർക്കമില്ല. ഇപ്പോൾ തന്നെ പ്രതിഛായ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇടതു സർക്കാർ . കൂടുതൽ വിവാദങ്ങൾ ഉയർന്നു വന്നാൽ അത് പാർലമെന്റ് തെരെഞ്ഞെടുപ്പിലും ഇടതുമുന്നണിയെ ബാധിച്ചേക്കുമെന്നും സി.പി.എമ്മിൽ എം.എ ബേബിയടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലവിൽ കുടുംബപരമായുള്ള സഹോദരിയുമായുള്ള പ്രശ്നങ്ങളും പരിഹരിക്കാതെ കത്തി നിൽക്കുകയാണ്. ഈ അവസ്ഥയിൽ വീണ്ടും ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നത് ശുദ്ധ അബദ്ധമാവുമെന്നാണ് ഇടതു നേതാക്കൾ തന്നെ പരസ്പരം പറയുന്നത്. ഇനിയുള്ള രണ്ടരവർഷം കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കാതെ നീങ്ങിയാൽ അത് മുന്നണിക്ക് അടുത്ത തെരെഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് ഇടതുമുന്നണിയിലെ പൊതു ചർച്ച . നിലവിൽ കടന്ന പള്ളിയെ മാത്രം സത്യ പ്രതിജ്ഞ ചെയ്യിച്ചാൽ മതിയെന്നാണ് മുന്നണിക്കുള്ളിൽ ഉയർന്നു വരുന്ന അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles