പൈനാപ്പിൾ കർഷകരുടെ കടം തിരിച്ചടക്കുന്നതിന് സാവകാശവും പലിശ ഇളവും നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എംഎൽഎ സർക്കാരിനോട് ആവശ്യപ്പെട്ടു. പൈനാപ്പിൾ കർഷകരുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മാത്യകുഴൽനാടൻ എംഎൽഎ മൂവാറ്റുപുഴ നെഹൃപാർക്കിൽ ആരംഭിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓഖി ദുരന്തവും പ്രളയവും, കോവിഡ് മഹാമാരിയും കാർഷിക മേഖലയെ സമ്പൂർണമായി തകർത്തുവെന്നും പരിഹാരം കാണാതെ സർക്കാർ കർഷകരെ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നാടിന്റെ സമ്പദ്വ്യവസ്ഥ തകരുകയും കർഷകർ ആത്മഹത്യയിലേക്കു പോവുകയും ചെയ്യുന്നു. ധനകാര്യ സ്ഥാപനങ്ങൾ കൂട്ടത്തോടെ റിക്കവറി നടത്തുന്നു. കടാശ്വാസ കമ്മീഷൻ പ്രഖ്യാപിച്ച ആനുകൂല്യെപോലും സർക്കാർ ഫണ്ട് നൽകാത്തതിനാൽ ലഭ്യമായിട്ടില്ല. 2020 മാർച്ച് മുതൽ കാർഷിക കടാശ്വാസ കമ്മീഷൻ ഒരു പരാതിപോലും സ്വീകരിച്ചിട്ടില്ല്. സിററിങ് വരെ നിർത്തിവച്ചിരിക്കുന്നു. രാസവളം, കാലിത്തീറ്റ വില ഉൾപ്പെടെ വർധിച്ചു. പലിശ ഇളവില്ലാതെ പ്രഖ്യാപിച്ച കടം പലിശയും പിഴപലിശയും അടക്കം തിരിച്ചടക്കാൻ കർഷകർ നിർബന്ധിതരാണ്. ദുരന്തകാലത്ത് കാർഷിക മേഖലക്കുള്ള പദ്ധതി വിഹിതം 25 ശതമാനം വെട്ടിക്കുറച്ചാണ് അനുവദിച്ചത്. 20000 കോടിയുടെ പാക്കെജ് പ്രഖ്യാപിച്ചെങ്കിലും ഗുണം കിട്ടിയിട്ടില്ല.
സർഫാസി ആക്ട് അനുസരിച്ച് കർഷകരെ വേട്ടയാടുകയാണ്. വീടും പുരയിടവും ജപ്തിചെയ്യുന്നു. കാർഷിക മേഖയുടെ സംരക്ഷണത്തിനു കേന്ദ്ര-സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല, ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കുന്നില്ലെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
യോഗത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്്വ. കെ.എം. സലീം അദ്ധ്യക്ഷതവഹിച്ചു. മുൻ എം.പി. ഫ്രാൻസിസ് ജോർജ്, മുൻ എംഎൽഎ ജോണ് നെല്ലൂർ, കെ.എം. അബ്ദുൽ മജീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എ.മുഹമ്മദ് ബഷീർ, ജോസ് പെരുമ്പിള്ളിക്കുന്നേൽ, ജോസ് വള്ളമറ്റം, ജോസ് അഗസ്റ്റിൻ, ജയ്‌സൺ ജോസഫ്, പി.എ. ബഷീർ തുടങ്ങിയവർ സംസാരിച്ചു.