ബംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരെവെ ബിജെപിയിൽ നിന്ന് നേതാക്കളുടെ രാജി തുടരുന്നു. കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ജഗദീഷ് ഷെട്ടാറും പാർട്ടിവിട്ടു. എംഎൽഎ സ്ഥാനവും രാജി വയ്ക്കുകയാണെന്ന് ജഗദീഷ് ഷെട്ടാർ അറിയിച്ചു. തിരഞ്ഞെടുപ്പിൽ താൻ ഉറപ്പായും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഹൃദയഭാരത്തോടെ പാർട്ടിയിൽ നിന്ന് രാജിവെക്കും. ഈ പാർട്ടി കെട്ടിപ്പടുത്തതും വളർത്തിയതും ഞാനാണ്. പാർട്ടിയിൽ നിന്ന് രാജിവെക്കാനുള്ള സാഹചര്യം ചില പാർട്ടി നേതാക്കൾ തന്നെ സൃഷ്ടിച്ചതാണ്. നിയമസഭാ അംഗത്വവും രാജിവെക്കുകയാണ്. സിർസിയിലുള്ള സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരിയോട് അപ്പോയിന്റ്‌മെന്റ് തേടിയിട്ടുണ്ട് – ഷെട്ടാർ പറഞ്ഞു.
ജഗദീഷ് ഷെട്ടാർ ലിംഗായത്ത് സമുദായങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാവാണ്. കോൺഗ്രസ് ഭരണ കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു.