Thursday, December 26, 2024

Top 5 This Week

Related Posts

ക്രിസ്മസ് കരിദിനമായി ആചരിക്കുമെന്ന് വൈദിക സമിതി

കൊച്ചി : എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസലിക്കയിലെ സംഘർഷവും പരസ്പരം ഏറ്റുമുട്ടലും അവസാനിക്കാതെ തുടരവെ ക്രിസ്മസ് കരിദിനമായി ആചരിക്കുമെന്ന് വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.
പരിപാവനമായ അൾത്താര മറിച്ചിടുകയും പരിശുദ്ധമായ സ്ഥലം മ്ലേച്ചമായെന്നും ഇനി ബലി അർപ്പിക്കണമെങ്കിൽ പുനപ്രതിഷ്ഠ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുവിൽ വിശ്വാസമില്ലാത്തവരാണ് സംഘർഷത്തിന്റെ പിന്നിലെന്നും, പോലീസ് പക്ഷപാതപരമായി പ്രവർത്തിച്ചെന്നും സെക്രട്ടറി ആരോപിച്ചു. പൊലീസുമായി ചർച്ചയ്ക്കില്ലെന്നും വൈദിക സമിതി സെക്രട്ടറി വ്യക്തമാക്കി.

ആക്രമണത്തിൽ 11 വൈദികർ ആശുപത്രിയിലാണ്. വൈദികർ കൊടുത്ത കേസിൽ നടപടിയെടുക്കാതെ ബസലിക്ക തുറക്കാൻ അനുവദിക്കില്ല.
അറസ്റ്റ് ചെയ്തത് വൈദികരെ സംരക്ഷിച്ച അൽമായക്കാരെയാണെന്നും രണ്ട് അഡ്മിനിസ്‌ട്രേറ്റർമാരും പ്രശ്‌നക്കാരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ബലി അർപ്പിക്കാൻ അനുവദിക്കില്ലെന്നും കുര്യാക്കോസ് മുണ്ടാടൻ കൂട്ടിച്ചേർത്തു.
ഏകീകൃത കുർബാനക്കാരും, ജനാഭിമുഖ കുർബാനക്കാരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയതോടെ വൻ സംഘർഷത്തിനാണ് ബസിലക്ക സാക്ഷ്യം വഹിച്ചത്. ജനാഭിമുഖ കുർബാന നടക്കുന്ന അൾത്താരയിലേക്ക് മറുഭാഗം വിശ്വാസികൾ കൂടികയറുകായിരുന്നു. അൾത്താരയിലെ ഫർണിച്ചറുകൾ അടിച്ച് തകർത്തു. പൊലീസും വിശ്വാസികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

വെള്ളിയാഴ്ച വൈകിട്ട് പള്ളിയുടെ അഡ്മിനിസ്‌ട്രേറ്ററായ ആൻറണി പൂതവേലിൽ ഏകീകൃത കുർബാന അർപ്പിച്ചതോടെ തുടങ്ങിയ പ്രതിഷേധമാണ് ഇന്നു കൂടുതൽ പ്രശ്‌നങ്ങലിലേക്കു നീങ്ങിയത്.

സിറോ മലബാർ സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും ഒരൊറ്റ രീതിയിൽ തന്നെ കുർബാന അർപ്പിക്കണം എന്ന് ബിഷപ്പുമാരുടെ സിനഡ് തീരുമാനിച്ചത് ജനാഭിമുഖ കുർബാനയെ പിന്തുണക്കുന്ന വൈദികരും വിശ്വാസികളും എതിർക്കുന്നു. ജനാഭിമുഖമായി നിന്നുകൊണ്ട് കുർബാന അർപ്പിക്കുന്ന രീതി കാലങ്ങളായി തുടരുന്നതാണെന്നും അത് മാറ്റേണ്ടതില്ലെന്നുമാണ് സിനഡ് തീരുമാനത്തെ എതിർക്കുന്നവരുടെ വാദം. രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന അതിരൂപതാ ആസ്ഥാമായ പള്ളി കഴിഞ്ഞ ദിവസമായിരുന്നു തുറന്നത്. സംഘർഷം സീറോ മലബാാർ സഭയ്ക്കു വലിയ നാണക്കേടാണ് വരുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles