കൊച്ചി : ജില്ലയിലെ ക്രമസമാധാനവും പൊതു സമാധാനവും ശക്തമാക്കാൻ കർശന നടപടി. ഇതിൻറെ ഭാഗമായി ജില്ലാ കലക്ടർ ജാഫർ മാലിക്കിൻറെ അധ്യക്ഷതയിൽ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ സാന്നിധ്യത്തിൽ ഉന്നത പോലിസ് ഉദ്യേഗസ്ഥരുടേയും, റവന്യൂ അധികാരികളുടേയും യോഗം കളക്ടറേറ്റിൽ ചേർന്നു. നിരന്തര കുറ്റവാളികളുടെ പട്ടിക തയ്യാറാക്കും. ഇവർക്കെതിരെ കാപ്പ ഉൾപ്പടെ നടപടികൾ സ്വീകരിക്കും. പ്രശ്‌നക്കാരെ കരുതൽ തടങ്കലിൽ പാർപ്പിക്കും. മുൻകാല കുറ്റവാളികളെ സ്ഥിരം നിരീക്ഷിക്കാൻ നടപടി സ്വീകരിക്കും. ഇവരുടെയും പട്ടിക തയ്യാറാക്കും. വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ കർശന നടപടിയുണ്ടാകും. ഇതിനായി പ്രത്യേക ടീമുകൾ രൂപീകരിക്കാനും ആലോചനയുണ്ട്.