Thursday, December 26, 2024

Top 5 This Week

Related Posts

കെ.എം.എം.എല്ലില്‍ മൂന്ന്കെട്ടിടങ്ങളുടേയുംനടപ്പാലത്തിന്റെയുംശിലാസ്ഥാപനം6ന് 

കെ.എം.എം.എല്ലില്‍ മൂന്ന് കെട്ടിടങ്ങളുടേയുംനടപ്പാലത്തിന്റെയും  ശിലാസ്ഥാപനം 6ന് 

 ഹരിത പുനരുജ്ജീവനത്തിന് 1000 തെങ്ങിന്‍ തൈകള്‍ നടുന്ന പദ്ധതിയും*

കൊല്ലം :വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലില്‍ മൂന്ന് കെട്ടിടങ്ങളുടേയും നടപ്പാലത്തിന്റേയും ശിലാസ്ഥാപനം 6 ന് 3.30 ന് നട ക്കും. ഖനനമേഖലയിലെ ഹരിത പുനരുജ്ജീവനത്തിന്  1000 തെങ്ങുകള്‍ നടുന്ന പദ്ധതിയും ഉദ്ഘാടനം ചെയ്യും. ജനുവരി 6 വെള്ളിയാഴ്ച ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ കര്‍മ്മവും 1000 തെങ്ങിന്‍ തൈകള്‍ നടുന്ന പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. കമ്പനിയുടെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിന് (എം.എസ് യൂണിറ്റ്)മുന്നില്‍ കൊല്ലം – കോട്ടപ്പുറം ദേശീയ ജലപാതക്ക് കുറുകെയാണ് നടപ്പാലം നിര്‍മ്മിക്കുന്നത്. 7.8 മീറ്റര്‍ ഉയരത്തില്‍ 1.8 മീറ്റര്‍ വീതിയിലാണ് നടപ്പാലത്തിന്റെ നിര്‍മ്മാണം.  5 കോടിയോളം രൂപയാണ് ചെലവ്. ഇന്‍കലിനാണ് നിര്‍മ്മാണ ചുമതല. നേരത്തെ ഉണ്ടായിരുന്ന നടപ്പാലം തകര്‍ന്നതിനെ തുടര്‍ന്ന്  എം.എസ് യൂണിറ്റിലേക്ക് ജീവനക്കാരെ എത്തിക്കാന്‍ ബോട്ട് സര്‍വീസാണ് നിലവില്‍ ഉപയോഗിക്കുന്നത്. പാലം വരുന്നതോടെ ജീവനക്കാര്‍ക്ക് നടന്ന് എം.എസ് യൂണിറ്റില്‍ എത്താനാകും. ബോട്ട് സര്‍വീസിനായി ചെലവഴിക്കുന്ന 13 ലക്ഷം രൂപയോളം വര്‍ഷത്തില്‍ മിച്ചംവെക്കാന്‍ കമ്പനിക്ക് കഴിയും.  കമ്പനിയുടെ ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റുമായി ബന്ധപ്പെട്ടാണ് കെട്ടിടങ്ങളുടെ ശിലാസ്ഥാപനം. പ്ലാന്റ് ടെക്‌നിക്കല്‍ സര്‍വീസ്, ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബ്, എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയക്കായാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. കെ.എം.എം.എല്ലിന്റെ തുടര്‍ വികസനത്തിന്റെ ഭാഗമായാണ് നാല് കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്ലാന്റ് ടെക്‌നിക്കല്‍ സര്‍വീസ് കെട്ടിടം നിര്‍മ്മിക്കുന്നത്. എഞ്ചിനീയറിംഗ് വിഭാഗത്തിലെ എല്ലാ ഉന്നത ഉദ്യോഗസ്ഥരുടേയും ഓഫീസുകള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് പുതിയ കെട്ടിടം ഒരുക്കുന്നത്. ജീവനക്കാരുടെയും  കുടുംബാംഗങ്ങളുടെയും  ക്രിയാത്മകവും സര്‍ഗാത്മകവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി രൂപം കൊടുത്ത ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബിനു വേണ്ടി ഒന്നരക്കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കുക. ജീവനക്കാര്‍ക്ക് ന്യായ വിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട സഹകരണ സ്ഥാപനമായ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായി 2.5 കോടി രൂപ ചെലവിലും പുതിയ കെട്ടിടം ഒരുങ്ങും. വിശാലമായ സൗകര്യങ്ങളോടെ കമ്പനി ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ സൊസൈറ്റിയെ പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിര്‍മ്മിക്കുന്നത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് ക്ലബ്ബും സൊസൈറ്റിയും നിലവില്‍ പ്രവര്‍ത്തിച്ചു പോരുന്നത്. ദേശീയപാത വികസനം കൂടി വരുന്നതോടെ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള സ്ഥല സൗകര്യങ്ങള്‍ കൂടി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിലേക്ക് കമ്പനി കടന്നത്. കരിമണല്‍ ഖനനം നടത്തുന്ന സ്ഥലങ്ങളിലെ ഹരിത പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് 1000 തെങ്ങിന്‍ തൈകള്‍ നടുന്ന പദ്ധതിക്ക് രൂപം നല്‍കിയത്. കായംകുളത്തെ സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.പി.സി.ആര്‍.ഐ) ല്‍ നിന്നാണ് ആവശ്യമായ തൈകള്‍ ലഭ്യമാക്കിയത്. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റേയും കയര്‍ഫെഡിന്റേയും സഹായം പദ്ധതിക്കുണ്ട്. ഖനനമേഖലയിലെ ജൈവപുനരുജ്ജീവനത്തിനായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഹരിതം ഈ തീരം പദ്ധതി വിജയകരമായി നടന്നുവരികയാണ്. ചവറ എം.എല്‍.എ ഡോ. സുജിത് വിജയന്‍ പിള്ള സ്വാഗതം പറയുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കൊല്ലം എം.പി.  എന്‍.കെ പ്രേമചന്ദ്രന്‍. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥപ്രമുഖര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങിന് ആശംസകളറിയിച്ച് സംസാരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles