ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചുവെന്ന കേസിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കൾക്കെതിരെ കേസ്. ജില്ലാ സെക്രട്ടറി മുജീബ്, പ്രസിഡന്റ് നവാസ് വണ്ടാനം എന്നിവർ ഒന്നും രണ്ടും പ്രതികളായാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. എട്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മതസ്പർധ വളർത്തണം എന്ന ഉദ്ദേശത്തോടെ കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചുവെന്നാണ് എഫ്‌ഐആറിൽ ചൂണ്ടിക്കാണിക്കുന്നത്.
മുദ്രാവാക്യം വിളിച്ച കുട്ടിയ തോളിലേറ്റി റാലിയിൽ പങ്കെടുത്ത ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെ ഞായറാഴ്ച രാത്രി പോലീസ് ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ബിജെപി അഭിഭാഷക പരിഷത്തിന്റെ പരാതിയിൽ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തതിനുപി്ന്നാലെ പോലീസ് ഈരാറ്റുപേട്ടയിലെത്തുകയായിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാത്രി 11 മണിയോടെ ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല വിളിച്ചതെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം. അതേസമയം ആർ.എസ് എസിനെതിരെരെ മാത്രം വിളിച്ച മുദ്രാവാക്യം വളച്ചൊടിച്ച് ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ എന്നു പ്രചരിപ്പിക്കുകയാണെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറയുന്നു.