Saturday, December 28, 2024

Top 5 This Week

Related Posts

കുട്ടമ്പുഴയിലെ മോഷണം പ്രതി പോലീസ് പിടിയിൽ

കോതമംഗലം :നിരവധി മോഷണ കേസ്സിലെ പ്രതി അറസ്റ്റില്‍. തൊടുപുഴ കാരിക്കോട് കുമ്മന്‍കല്ല് ഭാഗത്ത് പാമ്പുതൂക്കിമാക്കല്‍ വീട്ടില്‍ നിസാര്‍ സിദ്ധിഖ് (39) നെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച കുട്ടമ്പുഴ ഞായപ്പിള്ളി
കളമ്പാടന്‍ ജോർജ് ന്‍റെ വീട്ടില്‍ കയറി 6 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, 70000/- രൂപയും മോഷ്ടിച്ച കേസ്സിലാണ് അറസ്റ്റ്. തുടര്‍ന്നും മോഷണം നടത്തുന്നതിനായി വാഹനത്തില്‍ കാലടി ഭാഗത്തു കറങ്ങുന്നതിനിടെയാണ് ഇയാള്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. ഏറ്റുമാനൂര്‍, തൊടുപുഴ, കരിമണ്ണൂര്‍, കുറുപ്പംപടി പോലീസ് സ്റ്റേഷനുകളിലായി പത്തോളം മോഷണ കേസ്സുകളില്‍ പ്രതിയാണ്. ഞായറാഴ്ച കൂട്ടാളിയും ഒന്നിച്ച് ഉച്ചയോടെ കുട്ടമ്പുഴയില്‍ എത്തി.കുട്ടമ്പുഴ യിലെ പല സ്ഥലങ്ങളില്‍ കറങ്ങി നടന്ന് അവിടുള്ള ബാറില്‍ കയറി മദ്യപിച്ച ശേഷം തിരികെ പോകും വഴി രാത്രിയാണ് കളമ്പാടൻ ജോർജിന്റെ വീട്ടിൽ കയറുന്നത്.സംഭവം നടന്ന വീട്ടില്‍ വെളിച്ചം കാണാത്തതിനെതുടര്‍ന്ന് അവിടെ ആളില്ല എന്ന് ഉറപ്പാക്കി. തുടര്‍ന്ന്‍ വീടിന്‍റെ പുറകുവശത്തെ വാതില്‍ കയ്യില്‍ കരുതിയിരുന്ന ആണി ബാര്‍ ഉപയോഗിച്ച് പൊളിച്ച് അകത്തു കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും, പണവും മോഷണം ചെയ്ത ശേഷം വാഹനത്തില്‍ കയറി രക്ഷപ്പെട്ടു പോവുകയാണുണ്ടായത്. മോഷണം നടന്ന വീട്ടുകാര്‍ വൈകീട്ട് അടുത്തുള്ള പള്ളിയില്‍ ധ്യാനത്തിന് പോയ ശേഷം രാത്രി തിരികെ വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ധ്യാനത്തിന് പോയ സമയം വീട്ടില്‍ ലൈറ്റുകളൊന്നും തെളിച്ചിരുന്നില്ല. നിസാര്‍ തന്‍റെ വാഹനത്തില്‍ കറങ്ങി നടന്ന് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്. കുറുപ്പംപടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുല്ലുവഴി ഭാഗത്ത് വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കെട്ടിയിട്ട് ആഭരണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ പിടിയിലായ ശേഷം ജനുവരിയിലാണ് ഇയാള്‍ ജയില്‍ മോചിതനായത്. കുട്ടമ്പുഴ പോലീസ് പ്രതിയെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. മുവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസ്, കുട്ടമ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ കെ.എം.മഹേഷ്കുമാര്‍, എ.എസ്.ഐ മാരായ അജികുമാര്‍, അജിമോന്‍, എസ്.സി.പി.ഒ മാരായ രാജേഷ്, സുഭാഷ് ചന്ദ്രന്‍, സി.പി.ഒ അഭിലാഷ്ശിവന്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles