പാലക്കാട്: ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു. ഒരാള്‍ക്ക് പരിക്കേറ്റു. ആറ് ബൈക്കുകളും ക്ഷേത്രത്തിന്റെ മേല്‍ക്കൂരയും തകര്‍ത്തു. കിഴക്കഞ്ചേരി തിരുവറ ക്ഷേത്രത്തില്‍ നിറമാല ഉത്സവത്തിനിടെയാണ് ആനയിടഞ്ഞത് . നിറമാല മഹോത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ നടന്ന സ്വാമി എഴുന്നെള്ളത്തിനിടെയാണ് മൂന്ന് ആനകളില്‍ ഒരെണ്ണം ഇടഞ്ഞത്. കുണ്ടുകാട്ടില്‍ നിന്നും ആരംഭിച്ച എഴുന്നെള്ളത്ത് ക്ഷേത്രത്തിന് മുന്പില് എത്തിയപ്പോള്‍ പുത്തൂര്‍ ദേവിനന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. രാവിലെ പത്ത് മണിയോടു കൂടിയാണ് സംഭവം. ആന ഇടഞ്ഞതോടെ ആനപ്പുറത്ത് നിന്നും ചാടിയ ആലത്തൂര്‍ കാട്ടുശ്ശേരി ഗിരീഷ് (35)ന് പരിക്കേറ്റു.ഇയാളെ വടക്കഞ്ചേരി നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടഞ്ഞ ആന സമീപത്തെ രണ്ട് ആനകളെയും ഇടിച്ചതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി ചിതറിയോടി.പകല്‍ 12 മണിയോടു കൂടിയാണ് ആനയെ തളക്കാനായത്. ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ആറ് ബൈക്കുകളും, ക്ഷേത്രത്തിന് പുറത്തെ നാഗ പ്രതിഷ്ഠയുടെ മേല്‍ക്കൂരയും ആന തകര്‍ത്തു. ഇടഞ്ഞ ആനയുടെ പാപ്പാന്മാരായ വാസവും, പ്രസാദും മറ്റ് ആനയുടെ പാപ്പാന്മാരും ചേര്‍ന്നാണ് ആനയെ ക്ഷേത്രത്തിന് സമീപം തളച്ചത്.സംഭവമറിഞ്ഞ് വടക്കഞ്ചേരി എസ് ഐ കെ വി സുധീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും, എലിഫന്റ് സ്ക്വാഡും സ്ഥലത്തെത്തി.സംഭവത്തെ തുടര്‍ന്ന് ഉച്ചക്ക് ശേഷം നടന്ന ശീവേലി എഴുന്നെള്ളത്തിന് ആനകളെ ഒഴിവാക്കി.കഴിഞ്ഞ ശനിയാഴ്ച വണ്ടാഴി ചന്ദനാംപറമ്പ് ഉത്സവത്തിനിടയിലും ആനയിടഞ്ഞ് 5 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ചിത്രം.തിരുവറ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന മറ്റൊരാനയെ ആക്രമിക്കുന്നു.