കോഴിക്കോട് : കാന്താരയിലെ വരാഹരൂപത്തിന് അനുമതി. ചിത്രത്തിലെ വരാഹരൂപം എന്ന ഗാനം ഉപയോഗിക്കാൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് കോടതി. ഗാനം കോപ്പിയടിയാണെന്ന് ആരോപിച്ചായിരുന്നു മ്യൂസിക് ബാൻഡ് തൈക്കുടം ബ്രിഡ്ജ് ഹർജി സമ്മർപ്പിച്ചത്. കോഴിക്കോട് ജില്ല കോടതിയാണ് ഹർജി തളളി അനുമതി നൽകിയത്. വിഷയത്തിൽ അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. കഴിഞ്ഞ മാസമാണ് തൈക്കുടം ബ്രിഡ്ജ് സിനിമയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തങ്ങളുടെ നവരസ എന്ന ഗാനം കോപ്പി അടിച്ചാണ് വരാഹരൂപം ഒരുക്കിയത് എന്നായിരുന്നു ബാൻഡിന്റെ ആരോപണം.
വരാഹ രൂപം ഗാനം രചിച്ച ശശിരാജ് കാവൂരാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. നിലവിൽ ഈ വിധി അണിയറ പ്രവർത്തകർക്ക് ആശ്വാസമാണെങ്കിലും ഗാനം ഉടനെ ചിത്രത്തിൽ ഉപയോഗിക്കാൻ കഴിയില്ല. വരാഹരൂപവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കോടതി പാസാക്കിയ ഇടക്കാല വിലക്ക് തുടരുന്നതിനാലാണ് ഗാനം ഉപയോഗിക്കാൻ സാധിക്കാത്തത്. വിവാദം ഉയരുന്നതിനിടെ വരാഹരൂപം ഇല്ലാതെയാണ് കഴിഞ്ഞ ദിവസം കാന്താര ഒടിടിയിൽ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടു എന്നുൾപ്പെടെ ചൂണ്ടിക്കാട്ടി ആരാധകർ രംഗത്ത് വന്നിരുന്നു.