അടിമാലി : ഇരുപതു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പട്ടയരേഖ ലഭിച്ചതിന്റെ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണ് രാജാക്കാട് സ്വദേശിനിയായ അന്നക്കുട്ടി ജോര്‍ജ്. 65 വയസുകാരിയായ അന്നക്കുട്ടി ജീവിതത്തോട് പൊരുതിയാണ് തന്റെ മൂന്നു മക്കളെയും വളര്‍ത്തിയത്. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോകുമ്പോള്‍ പറക്കമുറ്റാത്ത തന്റെ മക്കളെ യാതൊരുവിധ കുറവും വരുത്താതെ വളര്‍ത്തിയത് അന്നക്കുട്ടിയുടെ ദൃഢനിശ്ചയം ഒന്നുമാത്രമാണ്. പട്ടയഭൂമി എന്നത് ഒരു ചിരകാല അഭിലാഷമായി നിലകൊണ്ടു. ഇനി ഒരിക്കലും കിട്ടാന്‍ സാധ്യതയില്ല എന്നുകണ്ട് ഉപേക്ഷിച്ച സ്വപ്നത്തിന് ചിറക് മുളച്ചപ്പോള്‍ അതിയായ സന്തോഷമാണ് അന്നക്കുട്ടിയ്ക്ക്.
ഇടുക്കി എന്‍ജിനിയറിങ്ങ് കോളേജ് ഹോസ്റ്റലില്‍ ദിവസ വേതനത്തില്‍ കിച്ചന്‍ ഹെല്‍പ്പറായി ജോലി ചെയ്യുകയാണ് അന്നക്കുട്ടി. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പട്ടയം ലഭ്യമാക്കിയ ഇടതുസര്‍ക്കാരിനോട് നന്ദിയും സ്‌നേഹവുമുണ്ടെന്ന് അന്നക്കുട്ടി പറഞ്ഞു. ഉടുമ്പന്‍ചോല താലൂക്ക് (എല്‍ റ്റി) രണ്ട് പട്ടയങ്ങളും രാജകുമാരി ഭൂമി പതിവ് ഓഫീസ് അഞ്ച് പട്ടയങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. പട്ടയ നടപടികള്‍ ദ്രുതഗതിയിലാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. താലൂക്ക് ഭൂമി പതിവ് കമ്മിറ്റികള്‍ അംഗീകരിച്ചിട്ടുള്ള 2594 പട്ടയങ്ങളും, സര്‍വ്വേ – സ്ഥല നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി പതിവ് കമ്മിറ്റികളുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുള്ള 2089 പട്ടയങ്ങളും ഇപ്പോള്‍ വിതരണം ചെയ്യുന്ന 562 പട്ടയങ്ങളും ഉള്‍പ്പെടെ 5245 പട്ടയങ്ങള്‍ അടിയന്തരമായി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിതരണം ചെയ്യും.
ഫോട്ടോ: ലഭിച്ച പട്ടയവുമായി അന്നക്കുട്ടി