പാലക്കാട്: ചരിത്ര പ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന് മൂന്നാം തേരുദിനത്തിലെ രഥസംഗമത്തോടെ പരിസമാപ്തിയായി. മൂന്നാം തേരുദിനമായ വ്യാഴാഴ്ച സന്ധ്യയോടെ തേരുമുട്ടിയില്‍ ദേവരഥങ്ങള്‍ സംഗമിച്ചതോടെ തേരുകാണാനെത്തിയവരും സംതൃപ്തരായി. രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം പൂര്‍വ്വാധികം ഭംഗിയോടെ കല്‍പ്പാത്തിതേര് ആഘോഷിക്കാന്‍ കഴിഞ്ഞ മുന്നു ദിവസങ്ങളിലായി നൂറുകണക്കിനാളുകളാണെത്തിയത്.
ആദ്യ രണ്ടു ദിനങ്ങളിലും ഓരോ രഥങ്ങള്‍ വീതം പ്രയാണമാരംഭിച്ചപ്പോള്‍ വ്യാഴാഴ്ച രണ്ടു രഥങ്ങളാണ് ഗ്രാമവീഥികളെ വലം വെച്ചത്. പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തിലെയും ചാത്തപ്പുരം മഹാഗണപതി ക്ഷേത്രത്തിലെയും രഥങ്ങളാണ് വ്യാഴാഴ്ച രഥപ്രയാണത്തിനിറങ്ങിയത്. രാവിലത്തെ പ്രദക്ഷിണമവസാനിച്ച് കിഴക്കിനഭിമുഖമായി നിര്‍ത്തിയ രഥങ്ങള്‍ വൈകുന്നേരത്തോടെ വീണ്ടും പ്രയാണം തുടര്‍ന്നു. അഞ്ചുമണിയോടെ എല്ലാ ക്ഷേത്രങ്ങളിലെയും രഥങ്ങള്‍ രഥസംഗമത്തിനായി നീങ്ങിത്തുടങ്ങി. ഭക്തി സാന്ദ്രമായ മുഹൂര്‍ത്തത്തില്‍ ആകാശത്തുനിന്നും ദേവഗണങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ കുണ്ടമ്പലത്തിനു സമീപത്തെ തേരുമുട്ടിയില്‍ നടക്കുന്ന രഥസംഗമത്തിന്റെ പുണ്യം നുകരാന്‍ പതിനായിരങ്ങളാണെത്തിയത്.