വിട, ഫുട്‌ബോളിൽ ജീനിയസ് എന്ന വാക്കിനു നിർവചനമായി മാറിയ പ്രതിഭയ്ക്ക്.
“കരയരുത്. അച്ഛന് വേണ്ടി ഞാൻ ഈ ലോകകപ്പ് ജയിക്കും” സാവോ പോളോയിലെ ദരിദ്രമായ തെരുവികളിലൊന്നിലെ പഴകിയ വീട്ടിൽ, ബ്രസീൽ തോൽക്കുന്നതുകണ്ടു പൊട്ടിക്കരഞ്ഞ അച്ഛനെ കെട്ടിപ്പിടിച്ചാശ്വാസിപ്പിച്ച ആ കുഞ്ഞ് തന്റെ പതിനേഴാം വയസിൽ ആ വാക്ക് പാലിച്ചു. സെമി ഫൈനലിലും ഫൈനലിലും ഫ്രാന്സിനോടും സ്വീഡനോടും എണ്ണം പറഞ്ഞ ഗോളുകൾ നേടി ‘പെലെ’ എന്ന അത്ഭുതം ലോകത്തെ തന്റെ വരവറിയിച്ചു. പിന്നീട് 2 തവണകൂടി പെലെയുടെ ബ്രസീൽ ലോക ചാമ്പ്യന്മാരായി.
ഈ അത്ഭുതത്തെ യൂറോപ്യൻ ക്ലബ്ബ്കൾ റാഞ്ചുന്നത് തടയാൻ ബ്രസീലിലെ അന്നത്തെ പട്ടാള ഭരണകൂടം അദ്ദേഹത്തെ ‘രാഷ്ട്ര സമ്പത്ത്’ ആയി പ്രഖ്യാപിച്ചു. അങ്ങനെ തന്റെ ക്ലബ്ബ് ഫുട്‌ബോൾ ജീവിതത്തിന്റെ മുഖ്യപങ്കും ‘സാന്റോസ്’-ലാണ് അദ്ദേഹം ചെലവഴിച്ചത്. പെലെയുടെ കഴിവും പ്രസിദ്ധിയും കൈമുതലാക്കി ലാറ്റിനമേരിക്കയിൽ മാത്രമല്ല, ലോകമാകെ പര്യടനങ്ങൾ നടത്തി വലിയ വിജയങ്ങൾ നേടിക്കൊണ്ടിരുന്നു സാന്റോസ്. 1967-ലാണ് നൈജീരിയയിൽ അവർ സന്ദര്ശനത്തിനെത്തുന്നത്. രാജ്യത്ത് അതിഭീകരമായ ആഭ്യന്തര യുദ്ധം നടക്കുന്ന കാലം. എന്നാൽ ഇരു വിഭാഗങ്ങളും പെലെയുടെ കളി കാണാനുള്ള അവസരം രാജ്യത്തൊരുക്കുവാൻ വേണ്ടി 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു! അത്രമേൽ വലിയ സാന്നിധ്യമായിരുന്നു എഡ്മൻഡ് അരന്റസ് ദോ നാസിമെന്റോ എന്ന ‘പെലെ’.
ചരിത്രത്തിലെ ഏറ്റവും മഹാനായ ഫുട്‌ബോളർ ആരാണെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരമില്ല.