ബി.ജെ.പി സർ്ക്കാരിനെതിരെ ജനകീയ മുന്നേറ്റത്തിനു തുടക്കമായി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ക്ക് കന്യാകുമാരിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഫ്‌ലാഗ് ഓഫ് ചെയ്തു. യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവർണ പതാകയാണ് എം.കെ. സ്റ്റാലിനിൽ നിന്ന് രാഹുൽ ഗാന്ധി ഏറ്റുവാങ്ങിയത്. ഗാന്ധി മണ്ഡപത്തിലെത്തി പ്രാർഥന യോഗത്തിൽ പങ്കെടുത്ത ശേഷമാണ് രാഹുൽ ഗാന്ധി സമ്മേളന നഗരിയിലെത്തിയത്. രാജ്യത്തെ മതേതര- ജനാധിപത്യവിശ്വാസികൾ ആഗ്രഹിച്ചിരുന്ന സമരകാഹളമാണ് കന്യാകുമാരിയിൽനിന്നു മുഴങ്ങിയത്. മോദിസർക്കാരിനെതിരെയുള്ള ഈ യാത്ര ചരിത്രം സൃഷ്ടിക്കുന്നതാവും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
ഒരുമിക്കുന്ന ചുവടുകൾ; ഒന്നാകുന്ന രാജ്യം’- എന്നതാണ് ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യം. കന്യാകുമാരി മുതൽ കശ്മീർ വരെ ആറു മാസം 3500 കിലോമീറ്റർ യാത്രക്കാണ് തുടക്കമായിരിക്കുന്നത്.
ഇന്ന് രാവിലെ രാജീവ് ഗാന്ധി വീരമൃത്യുവരിച്ച ശ്രീപെരുമ്പത്തൂരിലെത്തി രാഹുൽ ഗാന്ധി പ്രാർഥന നടത്തി. ഉച്ചക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഒരു മണിയോടെ ഹെലികോപ്ടറിൽ കന്യാകുമാരിയിലേക്ക് തിരിച്ചു. വൈകുന്നേരം മൂന്നിന് തിരുവള്ളൂർ സ്മാരകം, വിവേകാനന്ദ സ്മാരകം, കാമരാജ് സ്മാരകം എന്നിവ സന്ദർശിച്ചിരുന്നു. ദേശീയ തലത്തിൽ 118 സ്ഥിരാംഗങ്ങളും അതത് സംസ്ഥാനത്തെത്തുമ്പോൾ നിശ്ചയിച്ചിട്ടുളള സ്ഥിരാംഗങ്ങളും പദയാത്രയിൽ അണിചേരും. സെപ്തംമ്പർ 11 ന് ആണ് പദയാത്ര കേരളത്തിലെത്തുന്നത്.
കേരള അതിർത്തിയായ കളിക്കാവിളയിൽ നിന്നും ഭാരത് ജോഡോ യാത്രയ്ക്ക് വൻ സ്വീകരണം നൽകും. രാവിലെ ഏഴ് മുതൽ 10 വരെയും തുടർന്ന് വൈകീട്ട് നാലു മുതൽ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കി.മീറ്റർ ദൂരമാണ് നടക്കുക. ഓരോ പദയാത്ര കേന്ദ്രങ്ങളിലും പതിനായിരങ്ങൾ സമരത്തിൽ പങ്കാളിയാവും.
പാറശാല മുതൽ നിലമ്പൂർ വരെ 19 ദിവസമായി 453 കി.മീറ്ററാണ് ഭാരത് യാത്ര കേരളത്തിൽ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയിൽ 11,12,13,14 തീയതികളിൽ പര്യടനം നടത്തും. 14ന് ഉച്ചക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കും. 15,16 തീയതികളിൽ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളിൽ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളിൽ തൃശൂർ ജില്ലയിലും പര്യടനം നടത്തും. 26നും 27ന് പാലക്കാടും പര്യടനം പൂർത്തിയാക്കും. 27ന് ഉച്ചക്ക് ശേഷം മലപ്പുറം ജില്ലയിൽ പ്രവേശിക്കും. 28,29നും മലപ്പുറം ജില്ലയിൽ പര്യടനം പൂർത്തിയാക്കി കർണാടകത്തിലേക്ക് പ്രവേശിക്കുംവിധമാണ് ക്രമീകരണം.